വാഷിങ്‌ടൻ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയെന്നും ട്രംപ്. ചെെനയിൽ നിന്നും ഇത്തരത്തിൽ ഉറപ്പുവാങ്ങും. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്‌പ്പായിരിക്കുമതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇതേകുറിച്ചുള്ള ചോദ്യത്തിന് വാഷിങ്‌ടനിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു.
‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്‌പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും’ – വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. അതേസമയം കയറ്റുമതി ഉടനടി നിർത്താൻ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്ന റഷ്യയുടെ എണ്ണയിൽ നിന്നുള്ള വരുമാനം തടയാൻ യുഎസ് ശ്രമങ്ങൾ ശക്‌തമാക്കിയ സാഹചര്യത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തീരുമാനിച്ചാൽ ആഗോള ഊർജ നയതന്ത്രത്തിൽ ഒരു വഴിത്തിരിവാകുമെന്നാണ് വിദ്ഗ്ധരുടെ അഭിപ്രായം. റഷ്യൻ എണ്ണ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളെയും ഇതു സ്വാധീനിച്ചേക്കാം. ബഹുമുഖ ഉപരോധങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം, റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ഉഭയകക്ഷി ബന്ധങ്ങൾ ഉപയോഗിക്കാൻ ട്രംപ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്‌താവന. എന്നാൽ തീരുവ യുദ്ധത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ മുഖം കറുത്തിരിക്കുന്ന ഈ അവസരത്തിൽ ട്രംപിന്റെ പ്രസ്താവന എത്രകണ്ട് ശരിയാണെന്നു പറയാനാവില്ല. ഇരട്ട തീരുവ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചപ്പോഴും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തില്ലയെന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്.