പാലക്കാട്: വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചോദിച്ച് സഹോദരിയെ അപമാനിച്ചതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറിയോട് കയർത്ത് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ അടിച്ചു മോന്ത പൊളിക്കുമെന്നാണ് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജഗദീഷിനോടുള്ള എംഎൽഎയുടെ മറുപടി. അതേസമയം, താൻ മാന്യമായാണ് പെരുമാറിയത് എന്നാണ് ജഗദീഷ് പറയുന്നത്. ജനുവരി 20ന് നടന്ന സംഭാഷണത്തിന്റെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്.
‘‘തനിക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ ? വീട്ടിലെ സ്ത്രീകളോട് മോശമായി പെരുമാറി. വളരെ മോശമായിട്ടാണല്ലോ താൻ പെരുമാറിയത്. എന്റെ പെങ്ങൾ അവിടെനിന്ന് കരഞ്ഞിട്ടാണല്ലോ ഇറങ്ങിപോയത്. ഞാൻ താങ്കളെ ഒരു റെക്കമൻന്റേഷനും വിളിച്ചിട്ടില്ല. തനിക്ക് എന്തെങ്കിലും രാഷ്ട്രീയമായി എന്നോട് പ്രശ്നമുണ്ടെങ്കിൽ വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ അടിച്ചു മോന്ത പൊളിക്കും’’ – എന്നായിരുന്നു എംഎൽഎ പറഞ്ഞത്.
അതേസമയം ആയിക്കോട്ടെ എന്നായിരുന്നു എംഎൽഎയ്ക്കുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. നിയമസഭയിൽ ആയതുക്കൊണ്ടാണ് നേരിട്ട് വരാത്തതെന്ന് എംഎൽഎ പറയുന്നുണ്ട്. കണ്ടുനിന്നവരും കേട്ടുനിന്നവരും ഉണ്ടെന്നും ജഗദീഷ് പറയുന്നു. പഞ്ചായത്ത് മെമ്പർമാരോടും മോശമായാണ് സെക്രട്ടറി സംസാരിക്കുന്നതെന്നും മുഹമ്മദ് മുഹ്സിൻ ഫോണിൽ ആരോപിക്കുന്നു. താൻ ആരാണെന്നും എങ്ങനെയാണ് പെരുമാറിയതെന്നും നല്ല ബോധ്യമുണ്ടെന്ന് ആയിരുന്നു പഞ്ചായത്ത് സെക്രട്ടറി നൽകിയ മറുപടി.
















































