തിരുവനന്തപുരം∙ കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എമ്പുരാന് എന്തിനാണെന്ന് പൊതു വിദ്യാഭ്യാസ– തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ‘‘ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യും.’’ – മന്ത്രി പറഞ്ഞു.
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് തങ്ങളുടെ മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി.
മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ പുറത്തിറങ്ങിയതിനു പിന്നാലെ സിനിമ ചർച്ച ചെയ്ത രാഷ്ട്രീയം വലിയതോതിൽ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. സോഷ്യൽ മീഡിയകളിലൂടെ ചിത്രത്തിനെതിരെ പ്രതിഷേധ ഹാഷ്ടാകുകളും പ്രത്യക്ഷപ്പെട്ടു. എമ്പുരാൻ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂർവം വളച്ചൊടിക്കുകയാണെന്നുമുള്ള വിമർശനവുമായി ആർഎസ്എസ് മുഖപത്രം ഓർഗനൈസർ രംഗത്തെത്തി.
സാമൂഹിക ഐക്യത്തിനു ഭീഷണി ഉയർത്തുന്ന രീതിയിൽ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയിലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ഓർഗനൈസറിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ആരോപിച്ചു. ഇതിനുപിന്നാലെ ചിത്രത്തിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചു. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് സെൻസറിങ്ങിനു ശേഷം തിങ്കളാഴ്ചയോടെ തിയറ്റിറിൽ എത്തുമെന്നാണ് സൂചന. കൂടാതെ സിനിമയിലെ വില്ലന്റെ പേരും മാറ്റും.