തൃശൂർ: പാലക്കാട്ടെ അട്ടപ്പള്ളത്തു കൊല്ലപ്പെട്ട അതിഥിത്തൊഴിലാളി രാംനാരായൺ ഭയ്യാറിനു നേരെയുണ്ടായത് അതിക്രൂര ആൾക്കൂട്ട മർദനം. യുവാവിനു ക്രൂര മർദനമേറ്റെന്നു പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. മർദനം മൂലം രാമനാരായണിന്റെ തലയിൽ രക്തസ്രാവമുണ്ടായി. തല മുതൽ കാൽപ്പാദം വരെ നാൽപതിലധികം മുറിവുകളുണ്ട്. അതിൽ മിക്കതും വടി കൊണ്ടുള്ള അടിയേറ്റുണ്ടായത്. കൂടാതെ നിലത്തിട്ട് ചവിട്ടിയതിന്റെയും വലിച്ചിഴച്ചതിന്റെയും പരുക്കുകളും മൃതദേഹത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം അട്ടപ്പള്ളത്തു ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഒരുകൂട്ടം ആളുകൾ ഛത്തീസ്ഗഡിലെ ബിലാസ്പുർ സ്വദേശി രാംനാരായണിനെ (31) കള്ളനെന്ന് ആരോപിച്ച് ചോദ്യം ചെയ്തതും ക്രൂരമായി മർദിച്ചതും. ഇയാൾ മദ്യപിച്ചിരുന്നെങ്കിലും കയ്യിൽ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മർദനമേറ്റ രാമനാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണ് നാലുമണിക്കൂറോളം വഴിയിൽ കിടന്നു. തുടർന്നു പോലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ നാട്ടുകാരായ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു.
ഇതിനിടെ രാം നാരായണൻ പ്രദേശത്തുകൂടി ചുറ്റിക്കറങ്ങുന്നത് അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളൻ എന്ന് ആരോപിച്ചു മർദ്ദിച്ചു. കണ്ടപ്പോൾ കള്ളൻ എന്ന് തോന്നി എന്നാണ് സംഭവത്തിൽ നാട്ടുകാരുടെ മറുപടി.

















































