മലപ്പുറം: മഞ്ചേരിയിൽ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡന്‍റ് ഡോക്ടർ കല്പകഞ്ചേരി സ്വദേശി സി കെ ഫർസീന (35) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസേജ് അയച്ച ശേഷമായിരുന്നു മരണം.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വെള്ളാരം കല്ലിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവനൊടുക്കുകയാണെന്ന് ഫർസീന സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറയുന്നു. തുടർന്ന് സുഹൃത്തുകളിൽ ചിലർ വകുപ്പ് മേധാവിയെ ഇക്കാര്യം ധരിപ്പിച്ചു. പിന്നാലെ ഫർസീനയുടെ ഫ്ലാറ്റിലേക്ക് ആശുപത്രിയിലെ ഒരു ജീവനക്കാരനെ അയച്ചു.
ഫ്ലാറ്റിലെത്തിയപ്പോൾ ഡോ. ഫർസീന തന്നെയാണ് വാതിൽ തുറന്നത്. ആശുപത്രിയിലേക്ക് വരാൻ വകുപ്പ് മേധാവി ആവശ്യപ്പെട്ടതായി അറിയിച്ചു. വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് അകത്തേക്ക് പോയ ഫർസീന വാതിൽ അകത്തുനിന്ന് പൂട്ടി. ഇതോടെ ജീവനക്കാരൻ പൊലീസിൽ വിവരം അറിയിച്ചു. വാതിൽ ചവിട്ടി തുറന്നപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫർസീന വിഷാദ രോഗത്തിന് നേരത്തെ ചികിൽസ തേടിയിരുന്നതായി പൊലീസ് പറഞ്ഞു. രണ്ടു മക്കളുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.