തിരുവനന്തപുരം: പ്രൊഫസർ മാക്‌സ്‌വെൽ ഫെർണാണ്ടസ് ജേണലിസം അവാർഡിന് ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ അർഹയായി. നവ മാധ്യമ സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് സ്വതന്ത്രവും ധീരവുമായ മാധ്യമ പ്രവർത്തനം നടത്തുന്ന പോർട്ടൽ ആയി ദ ന്യൂസ് മിനിറ്റിനെ വളർത്തിയെടുത്തതിനാണ് പുരസ്‌കാരം. കേരള സർവകലാശാല കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പഠനവകുപ്പിന്റെ സ്ഥാപകനും പ്രഥമ അധ്യക്ഷനുമായ പ്രൊഫസർ മാക്‌സ്‌വെൽ ഫെർണാണ്ടസിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും എം.സി.ജെ ആലുമ്നി അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയതാണ് അവാർഡ്.
ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിൽ നടത്തുന്ന ചടങ്ങിൽ വച്ച് ധന്യക്ക് പുരസ്‌കാരം സമ്മാനിക്കും. പാലക്കാട് സ്വദേശിയായ ധന്യ 22 വർഷമായി മാധ്യമരംഗത്ത് സജീവമാണ്. ദേശീയ മാധ്യമങ്ങളിൽ പത്ത് വർഷത്തോളം ജോലി ചെയ്ത ശേഷം, മുതിർന്ന മാധ്യമ പ്രവർത്തക ചിത്ര സുബ്രഹ്മണ്യത്തോടും വിഘ്‌നേശ് വെല്ലൂരിനും ഒപ്പം 2014 – ൽ ദ ന്യൂസ് മിനിറ്റ് സ്ഥാപിച്ചു. മാധ്യമ പ്രവർത്തന മികവിനുള്ള ചമേലി ദേവി ജെയിൻ പുരസ്‌കാരം, റെഡ് ഇങ്ക് ജേണലിസ്റ്റ് ഓഫ് ദി ഇയർ തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഡിജിപബ് ചെയർപേഴ്സൺ ആണ്.
മാധ്യമപ്രവർത്തകരും കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം വകുപ്പിലെ പൂർവ വിദ്യാർത്ഥികളുമായി എസ് രാധാകൃഷ്ണൻ, എസ് ഡി പ്രിൻസ്, കെ ആർ ബീന, ജോ ജോസഫ് തായങ്കരി, ബി ശ്രീജൻ എന്നിവർ അടക്കുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ഫൌണ്ടേഷൻ ഭാരവാഹികളായ പ്രിയദാസ് മംഗലത്ത് (വർക്കിംഗ് പ്രസിഡന്‍റ്), ജോ ജോസഫ് തായങ്കരി (സെക്രട്ടറി) എന്നിവർ അറിയിച്ചു.