വാഷിങ്ടൺ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. വടക്കൻ മിഷിഗൺ മേഖലയിലുണ്ടായ ആക്രമണത്തിൽ 11 പേർക്ക് കുത്തേറ്റു. ആറുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഗ്രാൻഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ് മൈക്കൽ ഷിയ അറിയിച്ചു. അക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ മിഷിഗൺ മേഖലയിലെ ട്രാവേഴ്സ് സിറ്റിയിലെ വാൾമാർട്ടിൽ ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് ആക്രമണമുണ്ടായത്.
വടക്കൻ മിഷിഗണിലെ മേഖലയിലെ ആശുപത്രിയിൽ 11 പേർ ചികിത്സയിലാണെന്ന് മുൻസൺ ഹെൽത്ത്‌കെയർ സോഷ്യൽ മീഡിയ വഴി അറിയിച്ചു. എല്ലാവർക്കും കുത്തേറ്റതായും ആറ് പേർ ഗുരുതരാവസ്ഥയിലാണെന്നും വക്താവ് മേഗൻ ബ്രൗൺ പറഞ്ഞു. ആറ് പുരുഷന്മാരുക്കും അഞ്ച് സ്ത്രീകൾക്കുമാണ് കുത്തേറ്റതെന്ന് ഡെയ്മി മെയിൽ റിപ്പോർട്ട് ചെയ്തു. മൂന്ന് പേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിയെ കസ്റ്റഡിയിലെടുത്തതായി മിഷിഗൺ സ്റ്റേറ്റ് പോലീസ് അറിയിച്ചു. പ്രതി മിഷിഗൺ നിവാസിയാണെന്നാണ് റിപ്പോർട്ട്. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുന്നതനുസരിച്ചാകും വിവരങ്ങൾ പുറത്തുവിടുക. പ്രതി കസ്റ്റഡിയിലാണെന്ന് മിഷിഗൺ സ്റ്റേറ്റ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. കത്തിയാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആവശ്യമായ ഏത് പിന്തുണയും നൽകാൻ തയാറാണെന്ന് എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോ അറിയിച്ചു.
ഒരാൾ കടയിൽ കയറി കത്തി ഉപയോഗിച്ച് മുന്നിൽ കണ്ടവരയെല്ലാം കുത്തുകയായിരുന്നുവെന്ന് ഗ്രാൻഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തി അക്രമിയെ കീഴ്‌പ്പെടുത്തി. കടയിലുണ്ടായിരുന്നവരുടെ സഹായം ലഭിച്ചെന്ന് പോലീസ് പറഞ്ഞു.
കത്തിയുമായി കടയിൽ പ്രവേശിച്ച അക്രമി ആളുകളെ കുത്തുകായിരുന്നുവെന്ന് ഒരു സാക്ഷി പറഞ്ഞു. ഒരാളുടെ കണ്ണിന് പരിക്കേറ്റു. ആളുകൾ ഭയന്ന് ഓടി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്. കടയിൽ നിന്ന് വലിയ ശബ്ദത്തിൽ നിലവിളി കേട്ടതായും ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങിയോടുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെയാണ് പലർക്കും കുത്തേറ്റത്. സംഭവസ്ഥലത്ത് പോലീസിന്റെ വലിയ സന്നാഹം എത്തിച്ചേർന്നിരുന്നു. പോലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ സർവീസ് ഉദ്യോഗസ്ഥർ, റെസ്‌ക്യൂ വാഹനങ്ങൾ, ക്രൈം സീൻ വാഹനങ്ങൾ എന്നിവ സ്ഥലത്തെത്തിയിരുന്നു.