കോഴിക്കോട്: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽ വീണു കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കോവൂർ എംഎൽഎ റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ കാൽവഴുതി ഓടയിൽ വീഴുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ബസ് സ്റ്റോപ്പിൽ കയറിനിൽക്കുകയായിരുന്നു ശശിയും സുഹൃത്തും.
300 മീറ്റർ ദൂരം ശശിയുടെ മൃതദേഹം ഒഴുകിയെന്നാണ് വിവരം. കമിഴ്ന്നു കിടക്കുന്ന രൂപത്തിലാണ് ശശിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയത്. ഫയർഫോഴ്സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
ശക്തമായ മഴയായതിനാൽ റോഡിനോടു ചേർന്നുള്ള ഓടയിൽ വെള്ളംനിറഞ്ഞിരുന്നു. പോലീസിന്‍റെയും അഗ്നിരക്ഷാസേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. രാത്രി തിരച്ചിൽ നിർത്തിവച്ചിരുന്നു. രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.