മലപ്പുറം: മുൻവൈരാഗ്യത്തിൽ ടാപ്പിങ് തൊഴിലാളിയുടെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കളപ്പാട്ടുകുന്ന് തോങ്ങോട്‌വീട്ടിൽ അജയ് (24) ആണ് അറസ്റ്റിലായത്. കാരാട് വടക്കുംപാടം ചെണ്ണയിൽ വീട്ടിൽ സുന്ദരന്റെ പരാതിയിലാണ് അറസ്റ്റ്. ടാപ്പിങ് തൊഴിലാളിയായ സുന്ദരൻ എന്നും പുലർച്ചെ ജോലിക്കു പോകുമ്പോൾ ഇടയ്ക്കു കുടിക്കാൻ, ഫ്ലാസ്കിൽ കട്ടൻചായ കൊണ്ടുപോകാറുണ്ടായിരുന്നു.
കൊണ്ടു പോകുന്ന ഫ്ലാസ്ക് ബൈക്കിൽ വയ്ക്കുകയാണു പതിവ്. കഴിഞ്ഞ 10ന് ചായ കുടിച്ചപ്പോൾ അരുചി തോന്നി. പിന്നീടു സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിലാണു കട്ടൻചായ കൊണ്ടുപോയത്. 14നും ചായകുടിച്ചപ്പോഴും രുചി വ്യത്യാസം തോന്നി. ചായ പരിശോധിച്ചപ്പോൾ നിറത്തിലും മാറ്റം കണ്ടു. തുടർന്നു പോലീസിൽ പരാതി നൽകി.
സിഐ എൻ.ദീപകുമാർ, എസ്ഐ എം.ആർ.സജി, സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അജയ്‌യും സുന്ദരനും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. പിന്നാലെ അജയിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു വിഷം കലർത്തിയതായി സമ്മതിച്ചത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.