കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അതിഥി തൊഴിലാളികളുടെ മക്കളായ പന്ത്രണ്ടും ഒമ്പതും വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയായ കാസർകോട് മോഗറൽ മലയൻ വീട്ടിൽ അബ്ദുൽ റസാഖിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂരിലെ വാടക വീട്ടിൽ പ്രതിയും സുഹൃത്തുക്കളും താമസിച്ച് വരികയായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായ ഇയാൾ ഡ്രൈവിങ്, തടിപ്പണി, കയറ്റിറക്ക് മുതലായ ജോലികളും ചെയ്തിരുന്നു. വാടക വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന സഹോദരിമാരെയാണ് പ്രതി പീഡിപ്പിച്ചത്.
കുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്താണ് പീഡനം നടന്നത്. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുറച്ച് നാളുകളായി പീഡനം തുടരുകയായിരുന്നുവെന്നും സൂചനയുണ്ട്. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുഹൃത്താണ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്. സി.ഡബ്ല്യു.സി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
















































