ഷാർജ: മൂന്നു മാസത്തിലേറെയായി ഷാർജ പAലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം നിയമ തടസങ്ങൾ നീങ്ങിയതിനെ തുടർന്ന് നാട്ടിലെത്തിച്ചു. പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം ഏറ്റുവാങ്ങാൻ അവകാശികൾ ആരും എത്താതിരുന്നതിനെ തുടർന്ന് ഷാർജ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ അധികൃതർ തീരുമാനമെടുത്തിരുന്ന ഘട്ടത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങിയത്. കഴിഞ്ഞ ജൂലൈ ആറിന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ ജിനുവിനെ ഷാർജ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിനിടെ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പോലീസിന്റെ പിടിയിലായ ജിനു ഷാർജ ജയിലിലാണെന്നാണ് നാട്ടിൽ ബന്ധുക്കൾ ധരിച്ചിരുന്നത്. അവസാനമായി സഹോദരി ജിജി ജിനുവുമായി സംസാരിച്ചതും ജൂലൈ ആറിന് വൈകിട്ട് തന്നെയായിരുന്നു. പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതോടെ ജിജി ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസിലറും എസ്എൻഡിപി യോഗം പന്തളം യൂണിയൻ പ്രസിഡന്റുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളിയെ സമീപിച്ചതോടെയാണ് വഴിത്തിരിവായത്. അഡ്വ. സിനിൽ മുണ്ടപ്പള്ളി എസ്എൻഡിപി യോഗം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ പ്രസാദ് ശ്രീധരനുമായി ബന്ധപ്പെടുകയും അദ്ദേഹം തുടർ നിയമ നടപടികളിലേക്ക് പ്രവേശിക്കുകയുമായിരുന്നു.
പിന്നാലെ ജിനുവിന് വേണ്ടി യുഎഇ ജയിലുകളിൽ അന്വേഷിക്കുകയും അവിടെയില്ലെന്ന് ഉറപ്പുവരുത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം ഷാർജ പോലീസ് മോർച്ചറിയിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഇവിടെ അടക്കം ചെയ്യാനുള്ള തീരുമാനത്തിന് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമതടസങ്ങൾ നീക്കുകയും ചെയ്തു. പിന്നീട് പ്രസാദ് ശ്രീധരൻ ജിനുവിന്റെ ബന്ധു വിൽസനെ കണ്ടെത്തി.
അതേസമയം യുഎഇയിലെ ജോലി നഷ്ടപ്പെട്ട ശേഷം റഷ്യയിലേക്ക് പോകാനൊരുങ്ങിയ ജിനു മലയാളികളായ വ്യാജ ഏജന്റിന് ലക്ഷങ്ങൾ നൽകിയെങ്കിലും വഞ്ചിക്കപ്പെടുകയായിരുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു ജിനുവെന്ന് വിൽസൻ പറഞ്ഞു. 2023ൽ തൊഴിൽ വീസ കാലാവധി കഴിഞ്ഞിട്ടും ഇയാൾ സന്ദർശക വീസയിൽ ഷാർജയിൽ തുടരുകയായിരുന്നു. അമ്മ നേരത്തെ മരിച്ച ജിനുവിന് അച്ഛനും സഹോദരിയുമായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ രാത്രി എയർ അറേബ്യ വിമാനത്തിൽ മൃതദേഹം ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.














































