മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിൽവച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പ്രസവമെടുത്തത് മലപ്പുറത്തുള്ള സ്ത്രീയെന്ന് ഭർത്താവ് സിറാജുദ്ദീൻ. അസമയുടെ ആരോഗ്യസ്ഥിതി മോശമായപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതും മരണ വിവരം കൃത്യമായി തങ്ങളെ അറിയിക്കാതിരുന്നതും എന്തുകൊണ്ടാണെന്നാണ് വീട്ടുകാർ ചോദിച്ചപ്പോഴായിരുന്നു സിറാജുദ്ദീൻ പ്രസവമെടുത്തത് മലപ്പുറത്തുള്ള സ്ത്രീയാണെന്നു ബന്ധുക്കളോട് പറഞ്ഞത്.
‘ഫാത്തിമ പ്രസവമെടുക്കുന്ന ഉമ്മ മലപ്പുറം’ എന്ന് മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന നമ്പർ ബന്ധുക്കൾക്കു കാണിച്ചു കൊടുക്കുകയും ചെയ്തു. അവർ വന്നു പോയ ശേഷം അസ്മയ്ക്ക് ശ്വാസം മുട്ടലുണ്ടായെന്നും അപ്പോൾ തന്നെ പ്രസവമെടുത്ത സ്ത്രീയെ വിളിച്ചെന്നും സിറാജുദ്ദീൻ പറയുന്നു. പ്രസവം കവിഞ്ഞതിനാൽ ക്ഷീണമുണ്ടാകുമെന്നായിരുന്നു ഇവരുടെ മറുപടി. പിന്നീട് അൽപം കിടക്കട്ടേയെന്നു പറഞ്ഞ അസ്മ പിന്നീട് അനങ്ങിയില്ലെന്നും അസ്മയുടെ ഭർത്താവ് പറഞ്ഞു.
അതേസമയം ക്ഷുഭിതരായ ബന്ധുക്കൾ നീ ചുട്ട കോഴിയെ പറപ്പിക്കുന്നവനല്ലേ ആ പുള്ളയ്ക്ക് ജീവൻ വെപ്പിച്ചുതരാൻ ആവശ്യപ്പെടുകയായിരുന്നു.
അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയിലായിരുന്നുവെന്നും പിന്നീട് ഇരുവരും അക്യുപങ്ചർ പഠിച്ചിരുന്നുവെന്നും അതിന് ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽവെച്ചായിരുന്നു നടത്തിയതെന്നും ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ പോകണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള അത്യാസന്ന നിലയുണ്ടായേക്കാമെന്നെല്ലാമുള്ള മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതെല്ലാം ഇരുവരും അവഗണിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം യുവതി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഭർത്താവ് സിറാജുദ്ദീനെതിരേ പെരുമ്പാവൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പെരുമ്പാവൂർ സ്വദേശിയായ അസ്മ (35) ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ മലപ്പുറത്തെ വാടക വീട്ടിൽ പ്രസവിക്കുകയും തുടർന്ന് രാത്രി 9മണിയോടുകൂടി മരിക്കുകയുമായിരുന്നു.
ഞായറാഴ്ച രാവിലെയോടെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ പോലീസെത്തി അസ്മയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.