മലപ്പുറം: കാൽ പന്തുകളിയുടെ താളത്തെ മഴയുടെ രൗദ്രതയോടൊപ്പം നെഞ്ചിലേറ്റി ഒരു ജനസാഗരം… ഹാ കാണാൻ തന്നെ എന്തൊരു മൊഞ്ച്. ഒപ്പം ഇടമുറിയാതെ ആവേശത്തിൽ കുത്തിയൊഴുകുന്ന ഷൈജു ദാമോദരന്റെ കമന്ററിയും… സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ഹോം മത്സരത്തിലെ ഗാലറിയുടെ ആവേശം സമൂഹമാധ്യമങ്ങളിലും വൈറൽ. സൂപ്പർ ലീഗ് കേരള ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ഇതുവരെ 56 ലക്ഷത്തിലേറെ ആളുകളാണു കണ്ടു.
പെരുമഴയത്ത് ഡാൻസും താളം പിടിയുമായി ആവേശം ഒട്ടും ചോരാതെ മലപ്പുറം എഫ്സിയെ പ്രോത്സാഹിപ്പിക്കുന്ന ആരാധകരുടെ ദൃശ്യങ്ങളാണു ഇപ്പോൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന മലപ്പുറം എഫ്സി– കാലിക്കറ്റ് എഫ്സി പോരാട്ടത്തിനാണ് ഗാലറി നിറയെ ആരാധകർ ഇരച്ചെത്തിയത്. മത്സരം 3–3 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരവും മലപ്പുറം എഫ്സി ടീം ഉടമയുമായ സഞ്ജു സാംസൺ, കേരള ബ്ലാസ്റ്റേഴ്സ് മുൻ താരങ്ങളായ ബെർത്തലോമ്യു ഓഗ്ബച്ചെ, കെർവൻസ് ബെൽഫോർട്ട് എന്നിവർ വീഡിയോയ്ക്ക് കമന്റ് ചെയ്തു രംഗത്തെത്തിയിട്ടുണ്ട്.
അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ നേടിയാണ് മലപ്പുറം അവിസ്മരണീയമായ സമനില സ്വന്തമാക്കിയത്. സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിനായി എയ്റ്റർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി എന്നിവരാണ് സ്കോർ ചെയ്തത്. കാലിക്കറ്റിനായി മുഹമ്മദ് അജ്സൽ രണ്ടും പ്രശാന്ത് ഒരു ഗോളും നേടി. മൂന്ന് കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയന്റായി.
View this post on Instagram