ലഖ്‌നൗ: ബോളിവുഡ് നടി നോറാ ഫത്തേഹിയുടേതു പോലുള്ള ആകാരഭംഗി ഭാര്യയ്ക്കു വേണമെന്നു പറഞ്ഞ് തന്നെ പീഡിപ്പിക്കുകയാണെന്നു കാണിച്ച് ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി യുവതി. ഉത്തർ പ്രദേശിലെ ഘാസിയാബാദിലാണ് സംഭവം. ശിവം ഉജ്വൽ എന്ന കായികാധ്യാപനെതിരേയാണ് ഭാര്യ മുറാദ്‌നഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. നോറയെപ്പോലെ ആകുന്നതിനായി ദിവസം മൂന്നുമണിക്കൂർ വ്യായാമം ചെയ്യാൻ ഭർത്താവ് നിർബന്ധിച്ചിരുന്നെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ഭക്ഷണം നൽകാതെ പട്ടിണിക്കിടുമെന്നും യുവതി പരാതിയിൽ പറയുന്നു.
കഴിഞ്ഞ മാർച്ചിലാണ് യുവതിയും കായികാധ്യാപനായ ശിവവുമായുള്ള വിവാഹം നടന്നത്. സാധാരണ ഉയരവും വെളുത്തനിറവുമാണ് തനിക്കുള്ളതെന്നും എന്നാൽ ശരീരസൗന്ദര്യത്തച്ചൊല്ലി ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം അവഹേളിച്ചിരുന്നതായും യുവതി പറഞ്ഞു. യുവതിയെ വിവാഹം ചെയ്തതിലൂടെ തന്റെ ജീവിതം നശിച്ചുവെന്നും തനിക്ക് നോറ ഫത്തേഹിയെ പോലെ സുന്ദരിയായ പെൺകുട്ടിയെ പങ്കാളിയായി ലഭിക്കുമെന്നും ശിവം നിരന്തരം പറഞ്ഞിരുന്നതായി പരാതിയിലുണ്ട്.
കൂടാതെ ഗർഭിണിയായ സമയത്ത് രഹസ്യമായി ഗർഭച്ഛിദ്ര ഗുളികകൾ കഴിപ്പിച്ചതായും യുവതി ആരോപിച്ചു. വിവാഹവേളയിൽ 16 ലക്ഷംരൂപയുടെ ആഭരണങ്ങളും മഹീന്ദ്ര സ്‌കോർപിയോയും പത്തുലക്ഷം രൂപ പണവും വീട്ടുകാർ നൽകിയിരുന്നു. വിവാഹത്തിനായി ധാരാളം പണവും ചെലവഴിച്ചു. എന്നിട്ടും ഭർത്താവിന്റെ മാതാപിതാക്കൾ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു. അതേസമയം യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശിവത്തിനും മാതാപിതാക്കൾക്കും ശിവത്തിന്റെ സഹോദരിക്കുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.