കനത്ത മഴയിലും ശക്തമായ കാറ്റിലും വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കിയ എയർ ഇന്ത്യ പൈലറ്റിന് അഭിനന്ദനപ്രവാഹം. ഓഗസ്റ്റ് 19ലെ വിമാന ലാൻഡിംഗിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരിലൊരാളാണ് ലാൻഡിംഗിന്‍റെ വീഡിയോ പകർത്തിയത്.
വിമാനം വളരെ വേഗതയിൽ താഴേക്ക് വരികയും റൺവേയിൽ സുഗമമായി നിലത്തിറങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കനത്ത മഴയിൽ മുംബൈ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്നു. കുറഞ്ഞ വെളിച്ചത്തിൽ വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ക്യാപ്റ്റൻ നീരജ് സേഥിക്ക് സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് യാത്രക്കാരൻ വീഡിയോ എക്സിൽ പങ്കുവെച്ചത്.
പൈലറ്റിന് അഭിനന്ദനപ്രവാഹം
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി വിമാനം നിലത്തിറക്കിയ ക്യാപ്റ്റൻ നീരജ് സേഥിയുടെ കഴിവിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. “യാത്രക്കാരുമായി വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയ മനോഹരമായ വീഡിയോ പങ്കുവെച്ച വിദ്യാസാഗറിന് നന്ദി,” ഒരു ഉപഭോക്താവ് കുറിച്ചു. “എല്ലാ പൈലറ്റുമാർക്കും ഹാറ്റ്‌സ് ഓഫ്. മുംബൈയിൽ കാലാവസ്ഥ മോശമാണ്, കാഴ്ച വളരെ കുറവായിരുന്നു. കഴിഞ്ഞ മാസം ഞാൻ മുംബൈയിലേക്ക് പറന്നു, കാലാവസ്ഥ വളരെ മോശമായിരുന്നു, പക്ഷേ ഞാൻ സുരക്ഷിതമായി നിലത്തിറങ്ങി,” മറ്റൊരാൾ എഴുതി.
സ്കൂളുകൾക്ക് അവധിയെന്ന് സന്ദേശങ്ങൾ വ്യാജം
മുംബൈയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ച മഴ കാരണം അവധിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ബിഎംസി ഇക്കാര്യം അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ച വ്യാജ സന്ദേശത്തെ ബിഎംസി പ്രത്യേകം എടുത്തുപറഞ്ഞു.