ന്യൂഡൽഹി: ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി. 2004-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് അംഗീകാരം നൽകുന്നത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ അംഗങ്ങളുടെ ആവർത്തിച്ചുള്ള ബഹളത്തിനും മുദ്രാവാക്യം വിളികൾക്കും ശേഷം സ്പീക്കർ ലോക്സഭ നിർത്തിവെച്ചു.
ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാനെത്തുമെന്ന് കരുതി പ്രതിപക്ഷംവലിയ പ്രതിഷേധത്തിനു വട്ടംകൂട്ടിയിരുന്നു. വനിതാ കോൺഗ്രസ് അംഗങ്ങൾമോദി സഭയിലേക്കു കടന്നുവരുന്ന ഇടനാഴിയിലേക്ക് ബാനറുമായി നീങ്ങി. ബി.ജെ.പി. അംഗം പി.പി. ചൗധരി നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ ആരംഭിച്ചപ്പോൾ മറ്റു പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഉടൻതന്നെ സഭ നിർത്തിവെക്കുന്നെന്ന് അധ്യക്ഷക്കസേരയിലുണ്ടായിരുന്ന പാനൽ അംഗം സന്ധ്യാ റായ് അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസത്തിന്റെ ബാക്കിയെന്നോണം ലോക്‌സഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് സ്പീക്കർ ഓം ബിർള നന്ദി പ്രമേയം വായിച്ചു. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നതിനിടെ ശബ്ദവോട്ടിലൂടെ പ്രമേയം പാസാക്കുകയും ചെയ്തു.
രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം നടക്കുന്നുണ്ട്. പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ പ്രസംഗിക്കുമെന്നാണ് കരുതുന്നത്.
ജപ്പാനിലും ‘പുഷ്പ’ തരംഗം; 14 ദിവസം കൊണ്ട് 6.1 കോടി കളക്ഷൻ നേടി അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂൾ’















































