തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയുടെ മേയർ സ്ഥാനാർഥിയായി കണക്കാക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് തിളക്കമാർന്ന വിജയം. ശാസ്തമംഗലത്ത് എൽഡിഎഫിന്റെ യുവ സ്ഥാനാർഥി അമൃത ആറിനേയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്.
അതേപോലെ കൊടുങ്ങാനൂരിലെ ബിജെപി സ്ഥാനാർഥിയും മറ്റൊരു മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മുൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വിജയിച്ചു. കവടിയാറിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥനും വിജയിച്ചു.
തൈക്കാട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജി. വേണുഗോപാൽ വിജയിച്ചു. എ. സമ്പത്തിന്റെ സഹോദരൻ എ. കസ്തൂരിയായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥി. ചാക്ക വാർഡിൽ മുൻ മേയർ കെ. ശ്രീകുമാർ വിജയിച്ചു.
ജഗതി വാർഡിൽ നടനും കേരളാ കോൺഗ്രസ് ബി നേതാവുമായ പൂജപ്പുര രാധാകൃഷ്ണൻ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർഥിയാണ് ഇവിടെ വിജയിച്ചത്. അതേസമയം ഉള്ളൂരിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജോൺസൺ ജോസഫ് തോറ്റു. എൽഡിഎഫിന്റെ ലിജു. എസ്. ആണ് ജോൺസണെ പരാജയപ്പെടുത്തിയത്.കണ്ണമ്മൂല വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു. പ്രസ് ക്ലബ് മുൻ സെക്രട്ടറിയാണ് പാറ്റൂർ രാധാകൃഷ്ണൻ.
പട്ടത്ത് നിലവിലെ ഡെപ്യൂട്ടി മേയർ എസ്. രാജുവിന്റെ മകൾ തൃപ്തി രാജു പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി രേഷ്മ സിയാണ് ഇവിടെ വിജിച്ചത്.
വഞ്ചിയൂരിൽ എൽഡിഎഫ് സ്ഥാനാർഥി വഞ്ചിയൂർ ബാബു വിജയിച്ചു. എൽഡിഎഫ് ഭരണത്തിലെത്തിയാൽ മേയർ സ്ഥാനത്തേക്ക് വരെ പരിഗണിക്കാൻ സാധ്യതയുള്ള നേതാവാണ്. കഴിഞ്ഞ തവണ വനിതാ സംവരണായിരുന്നപ്പോൾ മകൾ ഗായത്രി ബാബുവായിരുന്നു ഇവിടെ കൗൺസിലർ.
അതേസമയം എകെജി പഠനഗവേഷണ കേന്ദ്രം നിലനിൽക്കുന്ന കുന്നുകുഴിയിൽ കോൺഗ്രസിന്റെ മേരി പുഷ്പം വിജയിച്ചു. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗമായ ഐ.പി. ബിനുവിനെയാണ് ഇവിടെ പരാജയപ്പെടുത്തിയത്. പുതിയ എൽഡിഎഫ് സെന്റർ സ്ഥിതി ചെയ്യുന്ന പാളയം വാർഡിലും എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടു.


















































