കൺമുന്നിൽ ഒരു ജീവനും പൊലിയരുതെന്ന ലക്ഷ്യവുമായി ബ്യുമെർക് ഫൗണ്ടേഷൻ, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി
കൊച്ചി: ഒരു വ്യക്തിക്ക് പെട്ടെന്ന് ഹൃദയമോ ശ്വാസമോ നിലയ്ക്കുന്ന അടിയന്തര സാഹചര്യത്തിൽ നൽകേണ്ട പ്രഥമ ശുശ്രൂഷയായ സിപിആർ (കാർഡിയോപൾമോണറി റെസസിറ്റേഷൻ) പരിശീലനം കേരളത്തിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നൽകാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഈ വർഷം ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 4000-ത്തോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി കഴിഞ്ഞു. അടുത്ത അധ്യയന വർഷം കേരളത്തിലെ വിദ്യാലയങ്ങളിലും കോളേജുകളിലും പഠനത്തിന്റെ ഭാഗമായി സിപിആർ പരിശീലനം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ആദ്യവർഷം മൂന്ന് ജില്ലകളിലായി 50 സ്‌കൂളുകളിലെ 4200 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. വൈദ്യസഹായം ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രവർത്തിക്കാൻ ആവശ്യമായ അറിവും കഴിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയാണ് ഈ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. സൗദി ഹാർട്ട് അസോസിയേഷൻ, ഇന്ത്യൻ റീസസിറ്റേഷൻ കൗൺസിൽ ഫെഡറേഷൻ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തുടങ്ങിയ പ്രശസ്ത സംഘടനകളുമായി ബന്ധപ്പെട്ട സർട്ടിഫൈഡ് പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.
കാർഡിയാക് അറസ്റ്റ് തിരിച്ചറിയുക, കൃത്രിമ ശ്വാസം നൽകുക, ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡിഫിബ്രില്ലേറ്ററുകൾ (എ.ഇ.ഡി) ഉപയോഗിക്കുക തുടങ്ങിയ അടിസ്ഥാന ജീവൻ രക്ഷാ സഹായത്തിന്റെ നിർണായക വശങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. യഥാർത്ഥ ജീവിത സാഹചര്യങ്ങളും മോഡലുകൾ അടിസ്ഥാനമാക്കിയുള്ള പരിശീലനവും സംയോജിപ്പിച്ചുള്ള ഇന്ററാക്ടീവ് ക്ലാസുകളിലൂടെ വിദ്യാർത്ഥികൾക്ക് അടിയന്തര സാഹചര്യത്തെ സധൈര്യം നേരിടാൻ സാധിക്കുന്നു.
ISO 29994:2021 സർട്ടിഫൈഡ് പരിശീലന ദാതാവായ ടെവി ഹെൽത്ത് കെയർ പരിശീലനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകും. ഇത്തരം നൈപുണ്യ പദ്ധതികളിലൂടെ വിദ്യാർത്ഥികൾക്ക് എല്ലാ ജീവിത സാഹചര്യത്തെയും നേരിടാനുള്ള ആർജ്ജവവും അറിവും ലഭ്യമാക്കുക എന്നതാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.