ബംഗളൂരു: താൻ ആദ്യമായാണ് ദുബായിൽ നിന്ന് സ്വർണം കടത്തുന്നതെന്ന് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യാ റാവുവിന്റെ വെളിപ്പെടുത്തൽ. യൂട്യൂബ് വീഡിയോകൾ നോക്കിയാണ് സ്വർണം എങ്ങനെ ഒളിപ്പിക്കുന്നത് പഠിച്ചതെന്നും ചോദ്യം ചെയ്യലിനിടെ നടി വെളിപ്പെടുത്തി. ഡയറക്ട്രേറ്റ് ഒഫ് റവന്യു ഇന്റലിജെൻസിന്റെ (ഡിആർഐ) കസ്റ്റഡിയിലാണ് നടിയിപ്പോൾ.
നടിയുടെ വെളിപ്പെടത്തൽ ഇങ്ങനെ- ‘മാർച്ച് ഒന്നിന് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു. കഴിഞ്ഞ രണ്ടാഴ്‌ചയോളം ഇത്തരത്തിൽ കോളുകൾ വരുമായിരുന്നു. ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിലെ ഗേറ്റ് എയിൽ പോകാനായിരുന്നു ഫോണിൽ കൂടി നിർദേശം ലഭിച്ചത്. ദുബായ് വിമാനത്താവളത്തിൽ നിന്ന് സ്വർണം വാങ്ങി ബംഗളൂരുവിൽ നൽകാനായിരുന്നു നിർദേശം. ആദ്യമായാണ് ദുബായിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് സ്വർണം കടത്തുന്നത്. ഇതിനുമുൻപ് ദുബായിൽ നിന്ന് സ്വർണം വാങ്ങിയിട്ടുപോലുമില്ല.
എന്നാൽ തനിക്കു ആരാണ് വിളിച്ചതെന്ന് അറിയില്ല. അമേരിക്കൻ- ആഫ്രിക്കൻ ഉച്ചാരണമാണ് അയാൾക്കുണ്ടായിരുന്നത്. സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് അയാളെനിക്ക് സ്വർണം നൽകിയത്. അതിനുശേഷം അയാൾ പെട്ടെന്നുതന്നെ പോവുകയും ചെയ്തു. പിന്നീട് അയാളെ ഞാൻ കണ്ടിട്ടില്ല. ആറടിയോളം ഉയരമുള്ള അയാൾക്ക് നല്ല വെളുത്ത നിറമായിരുന്നു. പ്ളാസ്റ്റിക്കിൽ പൊതിഞ്ഞ രണ്ട് പാക്കറ്റുകളിലായിരുന്നു സ്വർണം. വിമാനത്താവളത്തിലെ വിശ്രമ മുറിയിൽ വച്ചായിരുന്നു സ്വർണക്കട്ടികൾ ശരീരത്തിൽ പതിച്ചുവച്ചത്. ജീൻസിനുള്ളിലും ഷൂസിലും സ്വർണം ഒളിപ്പിച്ചു. യുട്യൂബ് വീഡിയോകൾ നോക്കിയാണ് ഇത് പഠിച്ചത്
പിന്നീട്ബംഗളൂരുവിൽ എത്തിയതിനുശേഷം വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്ന് സർവീസ് റോഡിലേക്കു പോകാനായിരുന്നു നിർദേശം. ശേഷം സിഗ്നലിന് സമീപത്തായി നിർത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയിൽ സ്വർണം വയ്ക്കണം. എന്നാൽ ഓട്ടോറിക്ഷയുടെ നമ്പർ നൽകിയിരുന്നില്ല’- ഡിആർഐയുടെ ചോദ്യം ചെയ്യലിൽ നടി വ്യക്തമാക്കി.