തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇടതുപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് നൽകിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുസംബന്ധിച്ച് പാർട്ടി വിശദമായ പരിശോധനകൾ എല്ലാതലത്തിലും നടത്തും, ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇത്തരത്തിൽ തിരുത്തലുകൾ വരുത്തി തിരിച്ചുവന്ന ചരിത്രം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2015 ലേയും 2020ലേയും തിരഞ്ഞെടുപ്പുകളെ മാറ്റിനിർത്തി 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനംചെയ്താണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. അന്നുണ്ടായിരുന്ന നിലയിൽനിന്ന് സ്ഥിതി മെച്ചപ്പെടുത്താൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ടെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
2010-ൽ ആറ് ജില്ലാ പഞ്ചായത്തുകളിലായിരുന്നു എൽഡിഎഫ് വിജയിച്ചത്. എന്നാൽ, ഇത്തവണ അത് ഏഴാക്കി ഉയർത്താൻ സാധിച്ചിട്ടുണ്ട്. 59 ബ്ലോക്ക് പഞ്ചായത്തുകളാണ് 2010-ൽ എൽഡിഎഫിന് ലഭിച്ചത്. അന്ന് 91 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫാണ് വിജയിച്ചത്. ഇത്തവണ എൽഡിഎഫ് 77 ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ചെന്നും ഗോവിന്ദൻ വിലയിരുത്തി.
അതേപോലെ ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിലും 2010-ൽ യുഡിഎഫിനെ അപേക്ഷിച്ച് എൽഡിഎഫ് ഏറെ പിന്നിലായിരുന്നു. ഇത്തവണ 343 പഞ്ചായത്തുകളിൽ വിജയിക്കുകയും 70 സ്ഥലങ്ങളിൽ തുല്യനിലയിൽ എത്തുകയും ചെയ്തിട്ടുണ്ട്. അന്ന് മുനിസിപ്പാലിറ്റികളുടെ നിലയും ഏറെ ദയനീയമായിരുന്നു. ഇപ്പോൾ ആ സ്ഥിതി മെച്ചപ്പെടുത്താനും എൽഡിഎഫിന് സാധിച്ചിട്ടുണ്ട്.
2010-ലെ ഫലം ചൂണ്ടിക്കാണിക്കാൻ കാരണം, ആ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റുകളുടെ വ്യത്യാസത്തിലാണ് ഭരണം നഷ്ടപ്പെട്ടതെന്നതാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. കൂടാതെ 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ ഫലപ്രദമായി നേരിട്ട് ജനങ്ങളിൽ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ് പിന്നീട് എൽഡിഎഫിന് മുന്നോട്ടുവരാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ അടിത്തറ നഷ്ടപ്പെട്ടുവെന്ന പ്രചാരങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് ഇത്രയും കാര്യങ്ങൾ വിശദീകരിച്ചതെന്നും അടിത്തറയ്ക്ക് ഇതുവരെ യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് ഇത്തവണ മത്സരിച്ചത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ടുകൾ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകൾ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത രാഷ്ട്രവാദം ഉന്നയിക്കുന്ന ശക്തികളുമായി നല്ല യോജിപ്പിലായിരുന്നു യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം നഗരസഭ വിജയിക്കാനായതൊഴിച്ചാൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.



















































