കൊച്ചി: കുവൈത്തിൽ പരസ്പരം കുത്തി ദമ്പതികൾ മരിച്ചത് വർഷങ്ങളായി കാത്തിരുന്ന ഓസ്ട്രേലിയയ്ക്കു കുടിയേറുകയെന്ന സ്വപ്നം പടിവാൽക്കൽ എത്തി നിൽക്കെ. ഇതിനായി ദമ്പതികൾ എല്ലാം സജ്ജമായിരുന്നു. നാലുദിവസം മുൻപാണു കീഴില്ലം സ്വദേശിയായ ബിൻസി(38)യും ഭർത്താവ് കണ്ണൂർ സ്വദേശി സൂരജ് ജോണും(40) മക്കളെ നാട്ടിൽനിർത്തി തിരിച്ചു കുവൈത്തിലെത്തിയത്. കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി. കീഴില്ലത്തിനു സമീപത്തുള്ള കുന്നുക്കുരുടിയിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. പിന്നീടാണ് കീഴില്ലത്തേക്കു മാറിയത്. ദമ്പതികൾക്ക് ഏഴും നാലും വയസുമുള്ള രണ്ടു കുട്ടികളാണുള്ളത്.
വർഷങ്ങളായി പരിശ്രമിച്ച് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിന് നടപടിക്രമങ്ങൾ പൂർത്തിയായ സന്തോഷത്തിലായിരുന്നു ദമ്പതികൾ. അതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു മക്കളെ നാട്ടിലാക്കി തിരിച്ചെത്തിയത്. ഇതിനിടയിൽ പെട്ടെന്നുണ്ടായ പ്രകോപന സംഭവങ്ങൾ ആയിരിക്കാം ദാരുണമായ സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു. ഒരു മാസം മുമ്പ് കുവൈറ്റിൽ നടന്ന കൾച്ചറൽ പരിപാടിയിലും സൂരജ് ബിൻസിയും സജീവമായി രംഗത്തുണ്ടായിരുന്നു.
അതേസമയം ഇരുവരും തമ്മിൽ പലപ്പോഴും കലഹം ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ അയൽവീട്ടുകാർ പറയുന്നത്. ഇന്നലെ വഴിയിൽവച്ചും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഈജിപ്തുകാരനായ കെയർടേക്കർ വന്ന് വാതിൽ തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായിരുന്നു ബിൻസി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകൾ പറഞ്ഞു.