തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മർദനത്തിന് ഇരയായ സുജിത്ത്. പ്രതികളായ പോലീസുകാരുടെ സസ്പൻഷൻ ശുപാർശയിൽ തനിക്കു തൃപ്തി ഇല്ലെന്ന് സുജിത്ത് പറഞ്ഞു. ഇവരിൽ അഞ്ചാമനായ ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ല. 5 പേരെയും സർവ്വീസിൽ നിന്നും പുറത്താക്കണം. പോലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസിൽ കക്ഷിചേരുമെന്നും സുജിത്ത് പറഞ്ഞു. കുന്നംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജിത്ത്. അതുപോലെ ജനങ്ങൾ, പാർട്ടി നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും സുജിത്ത് പറഞ്ഞു.
അന്നു തന്നെ നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് അന്ന് മർദ്ദിച്ചത്. അഞ്ചാമത്തെ ആളായ സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ ബ്ലോക്ക് കോൺഗ്രസ് കോടതിയെ സമീപിക്കും. സുഹൈർ ഇപ്പോൾ പഴയന്നൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ്. അതിനാൽ അടുത്ത ദിവസം തന്നെ പഴയന്നൂരിലേക്ക് സമരം നടത്തും. ശശിധരൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മർദ്ദിച്ചുവെന്നും സുജിത്ത് പറഞ്ഞു.
അതേസമയം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. തൃശ്ശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന് ശുപാർശ ചെയ്തിരിക്കുന്നത്. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോർട്ട് നൽകിയത്. എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 4 പോലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.