കൊല്ലം : ഒടുവിൽ കെഎസ്ഇബി അനങ്ങി. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് 13കാരനായ മിഥുന് ജീവൻ നഷ്ടമായത്. ക്ലാസിൽ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളിൽ വീണു. അത് എടുക്കാൻ ബെഞ്ചും ഡെസ്കും ചേർത്തിട്ട് കയറുന്നതിനിടെ മിഥുൻ തെന്നി വീഴാനായുകയും, വൈദ്യുതി ലൈനിൽ പിടിക്കുകയുമായിരുന്നു. മരണത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
നൊമ്പരമായി മഥുൻ, കണ്ണീരോടെ വിട
സ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച മിഥുന് കണ്ണീരോടെ വിട നൽകി നാടും കുടുംബവും. വിദേശത്ത് നിന്നും അമ്മ സുജ രാവിലെ കൊച്ചിയിലെത്തിയതിന് പിന്നാലെ, താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം വിലാപയാത്രയായി തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചു. പ്രിയ കൂട്ടുകാരനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും സഹപാഠികളും അധ്യാപകരും പ്രദേശവാസികളുമടക്കം നൂറുകണക്കിന് ആളുകളാണ് സ്കൂൾ മുറ്റത്തേക്ക് ഒഴുകിയെത്തിയത്. അമ്മ സുജയും അച്ഛൻ മനുവും മിഥുന് അന്ത്യ ചുംബനം നൽകി. അനിയൻ സുജിൻ, മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്ത് ചിതയ്ക്ക് തീ കൊളുത്തി.