കോഴിക്കോട്: രണ്ടു കോടി രൂപയോളം ചെലവിട്ട് മലബാറിൽ ആദ്യമായെത്തിച്ച ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ് പത്തുദിവസം കഴിഞ്ഞിട്ടും നിരത്തിലിറങ്ങിയില്ല. റോഡിന് കുറുകെയിട്ടിരിക്കുന്ന വിവിധ കേബിളുകൾ തടസ്സമായി നിൽക്കുന്നതാണ് കാരണം. എന്തായാലും വണ്ടി എന്ന് പുറത്തിറങ്ങുമെന്നോ, എത്രരൂപയാണ് ടിക്കറ്റ് നിരക്ക്, ഏത് റൂട്ടിൽ ഓടും എന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയും ഇതുവരെയും ട്രാൻസ്‌പോർട്ട് വകുപ്പിനില്ല.
റോഡിൽനിന്ന് അഞ്ചുമീറ്റർ പോലും ഉയരത്തിൽ അല്ലാതെയുള്ള വൈദ്യുത കേബിൾ, സ്വകാര്യ ഇന്റർനെറ്റ് കേബിൾ തുടങ്ങിയവ നഗരത്തിൽ പലയിടത്തും കാണാനാകും. അതു തന്നെയാണ് പ്രധാന വെല്ലുവിളി. ഡബിൾ ഡക്കർ ബസിന്റെ തുറന്നിട്ട മുകൾഭാഗത്ത് യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയോ സെൽഫിയെടുക്കാനും മറ്റും കൈ ഉയർത്തുകയോ ചെയ്താൽ ലൈനിൽ തട്ടി അപകടം ഉണ്ടാകും.
വൈദ്യുത ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് ലൈനുകളും കൂടുതൽ ഉയരത്തിലേക്ക് (ഏഴ് മീറ്ററിലധികം) മാറ്റി സ്ഥാപിക്കണമെന്ന് ആവ്യശപ്പെട്ട് ട്രാൻസ്‌പോർട്ട് വകുപ്പ് വൈദ്യുതിവകുപ്പിനും എയർടെൽ, ജിയോ കമ്പനികൾക്കും കത്ത് നൽകിയിട്ടുണ്ട്. എന്തായാലും ഇതുവരെയും യാതൊരുവിധ നടപടികൾ ഉണ്ടായിട്ടില്ല.
















































