കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ഉപയോഗ ശൂന്യമായ കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ച് മന്ത്രി വാസവൻ. തകർന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ എന്ന ചോദ്യം ഉയർത്തിയാണ് മന്ത്രി വാസവന്റെ പരിഹാസം.
”അപകടം ഉണ്ടായതിന്റെ പേരിൽ മന്ത്രി രാജി വയ്ക്കണം എന്നുണ്ടോ. കർണാടകയിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടം ഉണ്ടായി. അന്ന് ആരെങ്കിലും ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ. വിമാന അപകടം നടന്നാൽ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ”- എന്നും മന്ത്രി വിഎൻ വാസവൻ ചോദിച്ചു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തള്ളിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ സർക്കാരിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാകുകയാണ്. അങ്കമാലിയിൽ മന്ത്രി വിഎൻ വാസവനെതിരെയും പ്രതിഷേധപ്രകടനങ്ങളുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. അങ്കമാലിയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാട്ടി. ആരോഗ്യമന്ത്രിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിൽ ഡിഎംഒ ഓഫീസിലേക്ക് ഉൾപ്പെടെ പ്രതിപക്ഷ സംഘടനകൾ മാർച്ച് നടത്തി. വയനാട് മെഡിക്കൽ കോളേജിൽ റീത്ത് വച്ചയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്.