കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്ത് നൽകി. ഇതിനിടെ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും, പെൺകുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ വീട്ടിൽ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
അതേസമയം സംഭവത്തിൽ ബിജെപി ഉന്നയിച്ച ലവ് ജിഹാദ് ഉൾപ്പെടെ ഉള്ള ആരോപണങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചില്ല. ഇതിനിടെ പെൺകുട്ടി മർദ്ദനത്തിന് ഇരയായ സമയത്ത് റമീസിന്റെ വീട്ടിൽ ഉണ്ടായിരുന്ന ആളുകളെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന റമീസിന്റെ സുഹൃത്തിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും. റമീസിനെ കസ്റ്റഡിയിൽ കിട്ടുന്ന പുറകെ വിശദമായ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി കിട്ടിയ ശേഷമാകും കൂടുതൽ വകുപ്പുകൾ അന്വേഷണസംഘം ചുമത്തുകയെന്നാണ് അറിയുന്നത്.
പെൺകുട്ടിയുടെ കുറിപ്പിൽ പരാമർശിക്കുന്ന റമീസിൻ്റെ മാതാപിതാക്കൾക്കെതിരേയും അന്വേഷണം ഉണ്ടാകും. മതം മാറാൻ ശാരീരിക മാനസിക പീഡനം ഉൾപെടെ ഇവർ നടത്തിയെന്നു പെൺകുട്ടിയുടെ കുറിപ്പിലുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെയും ചുമത്താൻ ഒരുങ്ങുന്നത്. ഇതിനായി മാതാപിതാക്കളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം.