കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സായ് ഗ്രാം ഗ്ലോബൽ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാറും മുഖ്യപ്രതിയാകും. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദകുമാറിനെയും മുഖ്യപ്രതിയാക്കാൻ പോലീസ് തീരുമാനിച്ചത്. ഇയാൾ എല്ലാമാസവും 10 ലക്ഷം രൂപവച്ച് കൈപ്പറ്റിയിരുന്നതായി അനന്തു മൊഴി നൽകിയിട്ടുണ്ട്. എൻജിഒ കോൺഫെഡറേഷനിൽ നിന്നുള്ള ആനന്ദ് കുമാറിന്റെ രാജിയിലും പോലീസിനു സംശയമുണ്ട്. ഇയാൾക്ക് പുറമേ നാഷണൽ എൻജിഒ കോൺഫെഡറേഷൻ ഡയറക്ടർമാരെയും കേസിൽ പ്രതിചേർക്കും. നേരത്തെ സ്‌കൂട്ടർ തട്ടിപ്പിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാംപ്രതിയായിരുന്നു ആനന്ദകുമാർ.
പാതി പണം സ്‌കൂട്ടർ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തുകൃഷ്ണനെ സ്‌കൂട്ടർ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എൻജിഒ കോൺഫെഡറേഷനാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എൻജിഒ കോൺഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പോലീസ് കണ്ടെടുത്തു. ഇതിൽനിന്നാണ് അനന്തുവിനെ സ്‌കൂട്ടർ വിതരണത്തിന് ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ലഭിച്ചത്.
അനന്തു ‘വിശാല ഹൃദയൻ’… കൊടി ഏതായാലും തിരഞ്ഞെടുപ്പായാൽ പണമിറക്കും, എറണാകുളം, ഇടുക്കി ജില്ലകളിൽ അൻപതോളം കേസുകൾ- പാർട്ടികളെ ബാധിക്കുന്നതിനാൽ ലിസ്റ്റ് പുറത്തുവിടാതെ പോലീസ്, കെഎൻ ആനന്ദകുമാറിന് മാസം നൽകിയത് 10 ലക്ഷം, രേഖകൾ ഒന്നും വിടാതെ അനന്തുവിന്റെ കയ്യിൽ ഭദ്രം
അതേസമയം, അനന്തുകൃഷ്ണന്റെ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായി ഇയാളുടെ അക്കൗണ്ടന്റുമാരെ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുക്കുന്നുണ്ട്. രാഷ്ട്രീയനേതാക്കൾക്കടക്കം താൻ പണം കൈമാറിയതായി കഴിഞ്ഞദിവസം അനന്തു മൊഴി നൽകിയിരുന്നു. പലർക്കും ബിനാമികൾ വഴിയാണ് പണം നൽകിയതെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചും പോലീസിന്റെ അന്വേഷണം നടക്കുകയാണ്.
കൂടാതെ അനന്തുവിന്റെ കൊച്ചിയിലെ അശോക ഫ്‌ളാറ്റിൽനിന്ന് കടത്തിക്കൊണ്ടുപോയ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എറണാകുളത്തെ ഒരു വില്ലയിൽനിന്നും ഇവരുടെ ഓഫീസിൽനിന്നുമാണ് ഈ രേഖകൾ കണ്ടെടുത്തത്. അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും വിശദമായി പരിശോധിച്ചുവരികയാണ്.