തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ അധ്യാപകൻ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പരീക്ഷ വിഭാഗത്തിൻറെ അടിയന്തര യോഗം വിളിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർ. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ തുടർ നടപടികൾക്കായി ഒന്നാം തീയതി അടിയന്തര യോഗം ചേരും. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നും വിസി ഡോ. മോഹൻ കുന്നുമ്മൽ അറിയിച്ചു. അതേസമയം ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിഷയത്തിൽ പരീക്ഷ കൺട്രോളറോട് മുഴുവൻ വിവരങ്ങളും അറിയിക്കാൻ നിർദ്ദേശം നൽകി.
അതോടൊപ്പം പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ വീഴ്ചകളും പരിശോധിക്കും. വിദ്യാർഥികൾക്ക് പ്രയാസം ഉണ്ടാകാത്ത തരത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് വിസി അറിയിച്ചു. അതേസമയം, സംഭവത്തിൽ കെഎസ്‍യുവും എബിവിപിയും കേരള യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർക്കും വിസിക്കും പരാതി നൽകി.
അതേസമയം ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ അത്യന്തം ഗൗരവതരമായ വീഴ്ച്ചയാണ് ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും നടപടിയെടുക്കണമെന്നും കെഎസ്‍യു ആവശ്യപ്പെട്ടു. എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നഷ്‌ടപ്പെട്ട സംഭവത്തിൽ അന്വേഷണവും നടപടിയുമുണ്ടാകണം. ഇതു സംബന്ധിച്ച് ചാൻസലർ കൂടിയായ ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉൾപ്പെടെ കെഎസ്‍യു പരാതി നൽകി.
എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് അധ്യാപകൻ നഷ്ടപെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന യൂണിവേഴ്സിറ്റി നിലപാട് പ്രതിഷേധാർഹമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പ്രസ്താവനയിൽ പറഞ്ഞു. 2022-2024 വർഷ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമെസ്റ്റർ പരീക്ഷ ഫലം വൈകുന്നതുമായി ബന്ധപ്പെട്ട് മൂല്യനിർണയം നടത്തുന്ന അധ്യാപകനിൽ നിന്നും ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസത്തിൽ വിദ്യാർഥികൾക്ക് ആശങ്കയുണ്ടാക്കുകയും പ്രത്യേകിച്ച് ജോലി അവസരങ്ങളും തുടർ പഠനവും തേടുന്നവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും.
2024 മെയ് മാസം നടന്ന മൂന്നാം സെമസ്റ്റർ പരീക്ഷ ഫലം ഒരു വർഷമായിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രോജക്ട് ഫിനാൻസ് എന്ന പേപ്പറിൻറെ 71 വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനിടയിൽ അധ്യാപകരുടെ കയ്യിൽ നിന്ന് നഷ്ടമായതിനെ തുടർന്ന് അത്രയും വിദ്യാർത്ഥികൾ വീണ്ടും ആ പരീക്ഷ എഴുതണമെന്നാണ് യൂണിവേഴ്സിറ്റി അറിയിച്ചിരിക്കുന്നത്. വിഷയം പരിഹരിക്കുന്നതിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടായിരിക്കുന്നത്.
ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ യൂണിവേഴ്സിറ്റി തയ്യാറാകണം. ഒരു വർഷത്തിനിപ്പുറം വീണ്ടും പരീക്ഷ എഴുതുകയെന്നത് വലിയ മാനസിക, പ്രായോഗിക പ്രശ്നങ്ങളാണ് വിദ്യാർഥികൾക്ക് ഉണ്ടാക്കുന്നത്. ഇൻറേണൽ അസ്സെസ് മെന്റോ മറ്റ് രീതികളുടെയോ അടിസ്ഥാനത്തിൽ സംവിധാനങ്ങൾ നടപ്പിലാക്കി പുന പരീക്ഷ ഒഴിവാക്കണമെന്നും വിദ്യാർഥികളുടെ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കണമെന്നും എബിവിപി ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർക്കും വിസിക്കും എബിവിപി പരാതി നൽകി.