ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുൾ ഇസ്‌ലാം ജയിൽ മാറ്റം ആവശ്യപ്പെട്ട് സുപ്രീം കോടതി നൽകിയ ഹർജി നാല് മാസത്തിനുശേഷം പരിഗണിക്കാനായി മാറ്റി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
രാവിലെ എപ്പോള്‍ എഴുന്നേല്‍ക്കണം, നേരത്തെയോ വൈകിയോ, പഠനം പറയുന്നത് ഇങ്ങനെ
നിലവിൽ വധശിക്ഷയ്ക്കെതിരെ അമീറുൾ ഇസ്‌ലാം നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ്, സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദ് എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ജയിൽമാറ്റം സംബന്ധിച്ച ഹർജിയിൽ തീരുമാനം എടുക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
കൂടാതെ ജയിൽചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ജയിൽമാറ്റം അനുവദിക്കാനാകില്ല എന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ചട്ടത്തിലെ 789 -ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്കെതിരായ അപ്പീൽ നിലനിൽക്കുമ്പോഴും ജയിൽമാറ്റം സാധ്യമല്ലെന്നാണ് സർക്കാർ വാദം. അമീറുൾ ഇസ്‌ലാമിന് വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട് ആണ് ഹാജരായത്.