തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പോലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. തന്നെ മർദിച്ച മുഴുവൻ പോലീസുകാരെയും പിരിച്ചുവിടണമെന്നാണ് സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെവകുപ്പ് തല പുരന്വേഷണത്തിനും ഉത്തരവിട്ടു.
അതേസമയം, തന്നെ മർദിച്ച അഞ്ചുപേരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള ശുപാർശയിൽ സംതൃപ്തനല്ലെന്നും ഡ്രൈവറായിരുന്ന ഷുഹൈറടക്കം അഞ്ചുപേരെയും പിരിച്ചുവിടണമെന്നുമാണ് തന്റെ ആവശ്യമെന്നും സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് വ്യക്തമാക്കി. അഞ്ചാമത്തെ ഉദ്യോഗസ്ഥനെ കൂടി കേസിൽ ഉൾപ്പെടുത്താനുള്ള നിയമ നടപടി സ്വീകരിക്കുമെന്നും സുജിത്ത് പറഞ്ഞു.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂർ വലിയപറമ്പിൽ വി.എസ്. സുജിത്ത് (27) 2023 ഏപ്രിൽ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പിൽനിന്ന് ഇറക്കുന്നതു മുതൽ സ്റ്റേഷനുള്ളിൽ അർധനഗ്നനായി നിർത്തി പലതവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചുനിർത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പോലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
അന്നു മർദനത്തെത്തുടർന്ന് സുജിത്തിന്റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മിഷൻ അംഗം സോണിച്ചൻ ജോസഫിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ദൃശ്യങ്ങൾ കൈമാറിയത്. പോലീസ് സ്റ്റേഷനിലും അസി. കമ്മിഷണർ ഓഫീസിലും കമ്മിഷണർ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂല മറുപടി ലഭിക്കാഞ്ഞതിനെത്തുടർന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു.
സസ്പെൻഷനിൽ തൃപ്തിയില്ല, സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ കോടതിയെ സമീപിക്കും!! അഞ്ചുപേരേയും സർവീസിൽ നിന്ന് പുറത്താക്കണം- സുജിത്ത്