കൊച്ചി: കാസർകോട് പൈവളിഗെയിൽ പതിനഞ്ചുകാരിയെയും അയൽവാസിയായ 42കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണത്തെ കുറിച്ച് സർക്കാർ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ചതിൽനിന്നും അന്വേഷണം മോശമായ രീതിയിൽ അല്ല നടന്നിട്ടുള്ളത് എന്ന് മനസിലായെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി. സ്നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന് വേറെ ആരുമില്ല എന്ന് തോന്നാതിരിക്കാൻ കൂടിയാണ് കേസിൽ ഇടപെടുന്നതെന്നും കോടതി പറഞ്ഞു. ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ടതില്ലെന്നും കൊലപാതകം അടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
എന്നാൽ, അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി സമർപ്പിച്ചതിനു ശേഷമുണ്ടായ കാര്യങ്ങൾ കോടതി മുൻപാകെ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു മനസിലാക്കി. ഉച്ചയ്ക്കു ശേഷം കോടതി ചേരുന്നതിനു മുമ്പായി കേസ് ഡയറികളും കോടതി പരിശോധിച്ചു. തുടർന്നാണ് കേസ് സംബന്ധിച്ച് കോടതി അഭിപ്രായം വ്യക്തമാക്കിയത്. ഈ കേസിൽ പോലീസിനെ വിമർശിച്ചിട്ടില്ലെന്നും ആ കുട്ടിയുടെ മാതാപിതാക്കൾക്ക് വേണ്ടി സംസാരിച്ചതാണെന്നും കോടതി പറഞ്ഞു.
അതേസമയം പെൺകുട്ടിക്ക് 15 വയസ് മാത്രമേയുള്ളു എന്നതിനാൽ പോക്സോ കേസെന്ന ദിശയിൽ അന്വേഷിക്കാമായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. 18 വയസിൽ താഴെയുള്ള ആൺകുട്ടിയേയോ. പെൺകുട്ടിയേയോ സംബന്ധിച്ചുള്ള കേസുകളിൽ എപ്പോഴും പോക്സോ എന്നത് മനസിലുണ്ടാവണം. കുറ്റം ചുമത്തുന്നത് ഉൾപ്പെടെ തെളിവുകളുടെ അടിസ്ഥാനത്തിലാവാം. അതുപോലെ, ഒരു പെൺകുട്ടിയേയോ സ്ത്രീയെയോ കാണാതായാൽ പെട്ടെന്ന് തന്നെ നടപടികൾ കൈക്കൊള്ളണം. ശരിയാണോ തെറ്റാണോ തുടങ്ങിയ കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. എന്തുകൊണ്ടാണ് കുട്ടിയെ കാണാതായി ഏഴു ദിവസത്തിനു ശേഷം പോലീസ് നായയെ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളും കോടതി ആരാഞ്ഞു.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്ന് ഓർമിപ്പിച്ച കോടതി, ഒരിക്കലും ഇവിടെ നടക്കില്ല എന്ന് 10 കൊല്ലം മുൻപ് ഓർത്ത കാര്യങ്ങളൊക്കെ ഇപ്പോൾ നടക്കുണ്ടെന്നും വാക്കാൽ അഭിപ്രായപ്പെട്ടു. കോവിഡിനു മുൻപും ശേഷവും എന്ന രീതിയിലായി ലോകത്തെ മാറ്റങ്ങൾ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. കുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് കോടതിക്കു മുന്നിലുണ്ടായിരുന്നത്. ഫെബ്രുവരി 12ന് കാണാതായ 15കാരിയേയും അയൽവാസിയായ പ്രദീപിനെയും കഴിഞ്ഞ ദിവസമാണ് വീടിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ടായിരുന്നു. കാണാതായ അന്നു തന്നെ മരിച്ചിരിക്കാനുള്ള സാധ്യതയാണ് അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ പങ്കുവച്ചത്.