കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ന് ഇത്തവണ മത്സരിക്കാൻ ചുരുങ്ങിയത് 13 സീറ്റെങ്കിലും വേണമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. ഒന്നോ രണ്ടോ സീറ്റ് അധികം ചോദിക്കുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് സീറ്റ് കഴിഞ്ഞ തവണ കേരള കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ എൽഡിഎഫ് അവിടെ ജയിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു.
അതേപോലെ പാലായിൽ താൻ മത്സരിക്കുമെന്ന സൂചനയും വാർത്താസമ്മേളനത്തിൽ ജോസ് കെ. മാണി നൽകി. പാലായിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണി മാറ്റം തുറക്കാത്ത ചാപ്റ്ററാണെന്ന് പറഞ്ഞ ജോസ് കെ. മാണി കേരള കോൺഗ്രസിനെ ചേർത്തുപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവുമാണെന്നും കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ തവണ 13 സീറ്റാണ് കേരളാ കോൺഗ്രസിനു ഉണ്ടായിരുന്നത്. അതിൽ കുറ്റ്യാടി സീറ്റ് സിപിഎം ആവശ്യപ്പെട്ടതിനാൽ വിട്ടുകൊടുത്തു. ഇത്തവണ 13 സീറ്റ് ചുരുങ്ങിയത് വേണമെന്നാണ് ആവശ്യം. അതിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്ന കാര്യവും ചർച്ചയാവണമെന്നാണ് പാർട്ടിയിൽ ഉയർന്നിരിക്കുന്നത്. ഇക്കാര്യം മുന്നണിയിൽ ഉന്നയിക്കുന്നതും സ്ഥാനാർഥി നിശ്ചയിക്കുന്ന കാര്യങ്ങളും പാർട്ടി ചെയർമാനെ ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടുണ്ട്’ ജോസ് കെ. മാണി പറഞ്ഞു.
‘അതുപോലെ കോൺഗ്രസ് ജയിച്ച ചില മണ്ഡലങ്ങൾ ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ എൽഡിഎഫ് ജയിക്കാൻ സാധ്യതയുണ്ട്. പാലക്കാട് കഴിഞ്ഞ തവണ കിട്ടിയിരുന്നെങ്കിൽ ജയിച്ചേനെ. എൽഡിഎഫ് മേഖലാ ജാഥയിൽ അഡീഷണൽ ആയി ഓരോ പ്രതിനിധികളെ കേരള കോൺഗ്രസ് നിശ്ചയിച്ചിട്ടുണ്ട്. മലബാറിൽ കെ.ജെ. ദേവസ്യ, തിരുവനന്തപുരം മേഖലയിൽ വി.ടി. ജോസഫും പ്രതിനിധികളാകും’ ജോസ് കെ.മാണി പറഞ്ഞു.
അതേസമയെ തദ്ദേശ തെരഞ്ഞെടുപ്പിൽ പല ജില്ലകളിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇടത് മുന്നണിക്കാകെ ഉണ്ടായ പരാജയമാണത്. കഴിഞ്ഞ അഞ്ചര വർഷക്കാലം പ്രതിപക്ഷം ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഭരണപക്ഷത്തിരുന്ന് കേരള കോൺഗ്രസിന് ചെയ്യാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.














































