ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ശബരിമലക്കേസിൽ യുഡിഎഫിനെ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മറ്റുള്ളവരുടെ മേല്‍ പഴിചാരി രക്ഷപെടാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നും കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ പറഞ്ഞു. വിളിച്ച ഉടന്‍ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല, ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു 22 കൊല്ലം മുമ്പ് താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്ഐടി മുഖ്യമന്ത്രിയുടെ കൈയില്‍ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കില്‍ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെയെന്നും ഹാ കഷ്ടം എന്നേ മുഖ്യമന്ത്രിയോട് പറയാനുള്ളൂവെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂവെന്നും പോറ്റി ജോലിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കയറിയത് 2007ലെന്ന വിവരം എസ്ഐടിക്ക് മുന്നിലുണ്ട്. അന്നാരാണ് ദേവസ്വം മന്ത്രിയെന്നും കെസി വേണുഗോപാല്‍ മുറു ചോദ്യം ചോദിച്ചു.
















































