ബംഗളുരു: കോണ്‍ഗ്രസ് ഓഫീസിനുവേണ്ടി കണ്ണായ സ്ഥലം തുച്ഛവിലയ്ക്ക് അനുവദിച്ച കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനു ഹൈക്കോടതിയുടെ തിരിച്ചടി. ഹുബ്ബാളിയിലെ മുനിസിപ്പാലിറ്റി ഭൂമിയാണു തുച്ഛ വിലയ്ക്കു നല്‍കാന്‍ കര്‍ണാകട സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കത്തിനെതിരേ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നെങ്കലും സ്ഥലം അനുവദിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണു കോടതിയുടെ വെട്ട്.
കേശവ്പുര്‍ സര്‍ക്കിളില്‍ മുക്കാല്‍ ഏക്കറോളം സ്ഥലമാണു തുച്ഛ വിലയ്ക്കു നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. 5.67 കോടിയോളം വില മതിക്കുന്ന സ്ഥലം വെറും 28 ലക്ഷം രൂപയ്ക്കു പാര്‍ട്ടിക്കു കൈമാറാനായിരുന്നു നീക്കം. ഹുബ്ബാളി നഗരത്തിലേക്കു വെള്ളം നല്‍കുന്ന വന്‍ കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലമാണ്. ഇവിടേക്കു പൊതുജനങ്ങള്‍ക്കും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
ഹുബ്ബാളി-ധര്‍വാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്നുള്ള ബിജെപി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് മറി കടന്നു നല്‍കാനായിരുന്നു നീക്കം. പൊതു ആവശ്യത്തിനുവേണ്ടി നീക്കിവച്ചിട്ടുള്ള സ്ഥലം രാഷ്ട്രീയപ്പാര്‍ട്ടിക്കു വിട്ടു നല്‍കാന്‍ പാടില്ലെന്നും ഇവര്‍ വാദിച്ചു. ഇതിനു പിന്നലെയാണു കോര്‍പറേഷന്‍ അംഗങ്ങളായ സന്തോഷ് ചവാനും ബീരപ്പയും ഹൈക്കോടതിയെ സമീപിച്ചത്.
കര്‍ണാടകിയില്‍ മുമ്പും പാര്‍ട്ടികള്‍ക്കു സ്ഥലം അനുവദിക്കുന്നതില്‍ ഇളവു നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ പതിവ് ഇതാണെന്നും നിയമ മന്ത്രി എച്ച്.കെ. പാട്ടീല്‍ വാദിച്ചെങ്കിലും സര്‍ക്കാരിന മുകളില്‍ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള നീക്കമാണിതെന്നായിരുന്നു ബിജെപി വിമര്‍ശനം. പുതിയൊരു നിയമ നടപടിയുണ്ടാകുന്നതുവരെ ഈ ഭൂമി മറ്റാവശ്യത്തിന് ഇനി കൈമാറാന്‍ സാധിക്കില്ല.