കോട്ടയം: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന് ഇന്നലെ പങ്കുവച്ച വാർത്ത പിൻവലിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കറിന്റെ ഓഫിസ്. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച വാർത്തയാണു കാന്തപുരത്തിന്റെ ഓഫിസ് ഡിലീറ്റ് ചെയ്തത്.
അതേസമയം വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത പിൻവലിച്ചതിനെക്കുറിച്ച് കാന്തപുരത്തിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തു വാർത്താ ഏജൻസിയാണു നിമിഷയുടെ വധശിക്ഷ റദ്ദാക്കിയത് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിൻറെ ഇടപെടലിനെ ചൊല്ലി വലിയ അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു. മാത്രമല്ല വാർത്ത പുറത്തുവന്നതിനു പിന്നാലെ തലാലിന്റെ സഹോദരനും പ്രതികരിച്ചിരുന്നു.
ഇതിനിടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം വ്യക്തമാക്കിയിരുന്നു. എന്നാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യെമനിലെ സൂഫി പണ്ഡിതൻറെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെട്ടത്. കൂടാതെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടനെ മോചിതയാകുമെന്നും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകൻ കെഎ പോളും പ്രതികരിച്ചിരുന്നു.
നിമിഷപ്രിയയുടെ കേസിൽ ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകം- വിദേശകാര്യ മന്ത്രാലയം