കണ്ണൂർ: ഇരുചക്ര വാഹന വിതരണത്തിനുശേഷം പാതിവിലത്തട്ടിപ്പ് സംഘം അടുത്ത സ്റ്റെപ്പിൽ തട്ടിക്കാൻ കെണിയൊരുക്കിയത് സാമൂഹിക സംരംഭകത്വ വികസന പദ്ധതിയെന്ന സംരംഭം. ഇതിനായി ലക്ഷങ്ങൾ വിലയുള്ള വസ്ത്രനിർമാണ ഉപകരണം പാതിവിലയ്ക്ക് നൽകാനുള്ള പദ്ധതിയാണ് അപ്പാരൽ ക്ലസ്റ്റർ രൂപവത്കരണത്തിലൂടെ ലക്ഷ്യമിട്ടത്. വിവിധതരം തയ്യൽയന്ത്രം, അത് പ്രവർത്തിപ്പിക്കാനുള്ള മോട്ടോർ, ഇന്റർലോക്ക്- ഓവർലോക്ക് യന്ത്രം, എംബ്രോയ്ഡറി യന്ത്രം, കംപ്യൂട്ടറൈസ്ഡ് എംബ്രോയ്ഡറി യന്ത്രം തുടങ്ങിയവ ഗുണഭോക്താക്കൾക്ക് പകുതിവിലയ്ക്ക് ലഭ്യമാക്കുമെന്ന പ്രചാരണം നടത്താനായിരുന്നു പദ്ധതി.
ഇതിന്റെ ഭാഗമായുള്ള പരസ്യപ്രചാരണം ആരംഭിക്കുകയും ചെയ്തു. അപ്പോഴേക്കും പാതിവില സ്കൂട്ടർ തട്ടിപ്പിൽ അനന്തുവിന്റെ കഴുത്തിൽ പിടിവീണതോടെ അതുപേക്ഷിച്ചു. അപ്പാരൽ ക്ലസ്റ്റർ പദ്ധതിക്കുള്ള ഓരോ ഉപകരണം പാതിവിലയ്ക്ക് നൽകുമ്പോഴും അത് നടപ്പാക്കുന്ന ഏജൻസിക്ക് കൃത്യമായ തുക ഫെസിലിറ്റേറ്റിങ് നിരക്കായി ഏർപ്പെടുത്തിയിരുന്നു. രണ്ടുലക്ഷത്തിന്റെ യന്ത്രം ഒരുലക്ഷത്തിന് നൽകുമെന്ന് പറയുമ്പോൾ ഫെസിലിറ്റേറ്റിങ് നിരക്കായി കാണിച്ചിരിക്കുന്നത് 10,000 രൂപയാണ്. ഫലത്തിൽ ഗുണഭോക്താവ് നൽകേണ്ടത് 1,10,000 രൂപയാണ്. അതേസമയം ഫെസിലിറ്റേറ്റിങ് നിരക്ക് വാങ്ങി പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർത്ത പ്രൊമോട്ടർമാരും കോഡിനേറ്റർമാരും ജില്ലാ പ്രോജക്ട് മാനേജർമാരും ഇപ്പോഴും കേസിന് പുറത്താണ്.
അതോടൊപ്പം തങ്ങൾക്ക് സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റൽ സ്റ്റഡീസ് (എസ്പിഐഎആർഡിഎസ്.) ചീഫ് കോഡിനേറ്റർ അനന്തുകൃഷ്ണൻ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ മുൻ ചെയർമാനും സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാനുമായ കെഎൻ ആനന്ദകുമാർ തുടങ്ങിയവരെ അറിയില്ലെന്നും പ്രൊമോട്ടർമാർ ഉൾപ്പെടെയുള്ളവർക്ക് നേരേയാണ് തങ്ങളുടെ പരാതിയെന്നുമാണ് ഇരകൾ പറയുന്നത്.
എന്നാൽ, പ്രൊമോട്ടർമാർ നൽകിയ പരാതിയിൽ പോലീസ് രജിസ്റ്റർചെയ്ത കേസുകളാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പ്രൊമോട്ടർമാർ നൽകിയ രേഖകളും അവരുടെ ശബ്ദരേഖകളുമായി സമീപിച്ചെങ്കിലും തങ്ങൾക്ക് കേസെടുക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് കൈമലർത്തുകയാണെന്ന് തട്ടിപ്പിനിരയായവർ പരാതിപ്പെടുന്നു.