കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ ആദിവാസി യുവാവ് ഗോകുലിന്റേത് തൂങ്ങിമരണമല്ല കൊലപാതകമെന്ന് കുടുംബം. പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞു. പോലീസ് നേരത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഏതാനും ദിവസം മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും ഗോകുലിനേയും കാണാതായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഗോകുലിനെ കിട്ടിയാൽ വിടില്ലെന്ന് കൽപ്പറ്റ സിഐ പറഞ്ഞതായും കുടുംബം ആരോപിച്ചു.
അതേസമയം ഗോകുലിന് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നു. നിയമവിരുദ്ധമായാണ് പ്രായപൂർത്തിയാകാത്ത ഗോകുലിനെ സ്റ്റേഷനിൽ എത്തിച്ചത്. ആധാർ കാർഡിൽ 2007 മെയ് 30 ആണ് ഗോകുലിന്റെ ജനന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഗോകുലിനെ പിടികൂടുമ്പോൾ 17 വയസും 10 മാസവുമാണ് പ്രായം. എന്നാൽ എഫ്‌ഐആറിൽ പോലീസ് രേഖപ്പെടുത്തിയത് ഗോകുലിന്റെ ജനനവർഷം മാത്രമാണ്. ജനനത്തീയതി തെളിയിക്കുന്ന രേഖകളെല്ലാം പോലീസ് കസ്റ്റഡിയിലാണ്. 17 വയസുകാരനെ പ്രായപൂർത്തിയായതായി കാട്ടിയത് പോക്‌സോ കേസിൽ പ്രതിചേർക്കാനെന്നാണ് കുടുംബം ഉയർത്തുന്ന ആക്ഷേപം.
കഴിഞ്ഞ ദിവസമാണ് കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ഗോകുലിനേയും പ്രദേശവാസിയായ പെൺകുട്ടിയേയും കാണാതായിരുന്നു. അന്വേഷണത്തിനിടെ മാർച്ച് 31ന് വൈകിട്ടോടെ ഇരുവരെയും കോഴിക്കോട് നിന്ന് കണ്ടെത്തി. ഇരുവരേയും കൽപ്പറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. ഗോകുലിനെ പോലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. പിറ്റേന്ന് ഇതിനിടെ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പോലീസുകാർ നടത്തിയ പരിശോധനയിലാണ് ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.