വാഷിങ്ടൻ: തീരുവ വിഷയത്തിൽ പ്രശ്നം പരിഹരിക്കാൻ ട്രംപിനെ അൽപം പൊക്കിപ്പറഞ്ഞാൽ മതി. കൂടാതെ നൊബേൽ പുരസ്കാരത്തിന് ശുപാർശ കൂടി ചെയ്താൽ സംഭവം ഓക്കെയാകുമെന്ന് പരിഹസിച്ച് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ രണ്ടുതവണ നൊബേലിന് നാമനിർദേശം ചെയ്യണമെന്നും അതോടെ തീരുവ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ബോൾട്ടൻ പരിഹാസ രൂപേണ പറഞ്ഞു. ഇന്ത്യ മാത്രമല്ല റഷ്യയിൽ നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ടെങ്കിലും, ഇത്തരം ‘തീരുവ പ്രതിസന്ധി’ ചൈനയ്ക്കു നേരിടേണ്ടി വന്നിട്ടില്ലെന്നും ബോൾട്ടൻ ചൂണ്ടിക്കാട്ടുന്നു.
‘‘ഡോണൾഡ് ട്രംപ് അനാവശ്യമായി ഇന്ത്യയെ എതിർക്കുകയാണ്. ഇന്ത്യയ്ക്കെതിര ചുമത്തിയ ഉയർന്ന തീരുവകൾ കാരണം ഉഭയകക്ഷി ബന്ധത്തിൽ വലിയ വിള്ളലാണ് സംഭവിച്ചിരിക്കുന്നത്. 50% തീരുവയെന്ന സമീപനം പിന്നോക്ക നടപടിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ദോഷകരമായി ബാധിക്കും.’’ – ജോൺ ബോൾട്ടൻ പറഞ്ഞു.
അതേസമയം ഇന്ത്യയെ വീണ്ടും വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ‘‘യുക്രെയ്ൻ യുദ്ധം നീട്ടാൻ ഇന്ത്യ റഷ്യയെ സഹായിക്കുകയാണ്. ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിന് വിൽക്കുകയും ചെയ്യുന്നു. യുക്രെയ്നിൽ എത്ര പേർ കൊല്ലപ്പെടുന്നുണ്ടെന്നത് ഇന്ത്യയ്ക്കു പ്രശ്‌നമല്ലെന്നു ട്രംപ് കുറ്റപ്പെടുത്തി.