ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ബാങ്ക് ഇതര ധനകാര്യ സേവന (എൻബിഎഫ്‌സി) വിഭാഗമായ ജിയോഫിൻ ഓഹരി അധിഷ്ഠിത വായ്പ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. 9.99 ശതമാനം പലിശ നിരക്ക് മുതൽ, ഓഹരികൾ ഈടായി നൽകിയാൽ പൂർണമായും ഡിജിറ്റൽ വായ്പ ജിയോഫിന്നിൽ നിന്ന് ലഭ്യമാകും.
വളരെ സുരക്ഷിതമായ വായ്പാ സേവനമാണ് ലോൺ എഗെയ്ൻസ്റ്റ് സെക്യൂരിറ്റീസ് (എൽഎഎൽ) എന്ന് ജിയോഫിൻ വ്യക്തമാക്കി. ഓഹരികൾ, മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയവയിലധിഷ്ഠിതമായാണ് വളരെ മികച്ച പലിശ നിരക്കിൽ ലോണുകൾ ലഭ്യമാകുക. വെറും പത്ത് മിനിറ്റിനുള്ളിൽ പൂർണമായും ഡിജിറ്റൽ പ്രക്രിയയിലൂടെ വായ്പ ഉപഭോക്താവിന് ലഭിക്കും.
ഓഹരികൾ വിൽക്കാതെ തന്നെ അതുപയോഗപ്പെടുത്തി വായ്പ നേടാമെന്നതാണ് ഡിജിറ്റൽ ഫൈനാൻഷ്യൽ സേവനങ്ങളുടെ വൺസ്റ്റോപ്പ് സൊലൂഷനായ ജിയോഫിന്നിലൂടെ ഉപഭോക്താക്കൾക്ക് സാധ്യമാകുന്നത്. ഒരു കോടി രൂപ വരെയുള്ള വായ്പകൾ ഇതിലൂടെ ലഭിക്കും. ഓരോ വ്യക്തിയുടെയും റിസ്‌ക് പ്രൊഫൈലിന് അനുസരിച്ചാകും ലോണുകൾ ലഭിക്കുക. പരമാവധി മൂന്ന് വർഷമാകും വായ്പയുടെ കാലാവധി. അതേസമയം ഫോർക്ലോഷർ ചാർജുകൾ ഒന്നും തന്നെയില്ല.
ഉപഭോക്താക്കൾ സാമ്പത്തിക സേവനങ്ങൾ ആക്സസ് ചെയ്യുന്നതും അവയുമായി ഇടപഴകുന്നതുമായ രീതികളിൽ വലിയ പരിവർത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഞങ്ങളുടെ സമഗ്ര ഡിജിറ്റൽ സ്ട്രാറ്റജിയുടെ ഭാഗമാണ് എൽഎഎസ്. ഇന്നവേഷനിലും ഉപയോക്തൃ അനുഭവത്തിലും കാര്യമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സാമ്പത്തിക സേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവും ഉപഭോക്തൃ കേന്ദ്രീകൃതവുമാക്കുക എന്ന ഞങ്ങളുടെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭം–ജിയോ ഫിനാൻസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ കുസാൽ റോയ് പറഞ്ഞു.
ഭവനവായ്പകൾ, പ്രോപ്പർട്ടി വായ്പകൾ, കോർപ്പറേറ്റ് ഫൈനാൻസിംഗ് തുടങ്ങി വൈവിധ്യമായ നിരവധി വായ്പാ സേവനങ്ങൾ ജിയോഫിനാൻസ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. യുപിഐ പേമെന്റുകൾ, മണി ട്രാൻസ്ഫർ, സേവിംഗ്‌സ് അക്കൗണ്ട്, ഡിജിറ്റൽ ഗോൾഡ്, ഇൻഷുറൻസ്, ഇൻവെസ്റ്റ് പോർട്ട്‌ഫോളിയോ ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങളും ജിയോഫിനാൻസ് ആപ്പ് പ്രദാനം ചെയ്യുന്നു.