ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള ഹർജികളിൽ എട്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിയുടെ നിർദേശം. സംസ്ഥാന പദവി നൽകുന്നത് പരിശോധിക്കുമ്പോൾ നിലവിലെ സാഹചര്യവും കണക്കിലെടുക്കണമെന്നും പഹൽഗാമിൽ സംഭവിച്ചതും അതേത്തുടർന്ന് രാജ്യസുരക്ഷയിലുണ്ടായ പ്രത്യാഘാതവും അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിർദേശം.
അതേസമയം തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന പദവി തിരികെ നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കശ്മീരിലെ ‘സവിശേഷ സാഹചര്യ’വും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കേന്ദ്രത്തിന്റെ മറുപടിക്കായി എട്ടാഴ്ച സമയം നൽകണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെടുകയായിരുന്നു.
2023 ഡിസംബറിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹർജിയിലായിരുന്നു കോടതി ഇന്നു വാദം കേട്ടത്. രണ്ടു മാസത്തിനുള്ളിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും കോടതി വിധി നടപ്പാക്കാൻ വൈകിപ്പിക്കുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഏറ്റവും വേഗം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് 2023 ഡിസംബറിൽ സുപ്രിം കോടതി വിധിച്ചിരുന്നു.