പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ കൂടുതല്‍പേര്‍ക്ക് പങ്കെന്ന് നിഗമനം. പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് സൂചന. ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. മറ്റ് നാലുപേരാണ് ഒളിവിലുള്ളത്. ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഈ സഹപ്രവർത്തകയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീളും.
കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. തിരുവല്ലയിൽ ഗുണ്ടാ കൂട്ടുകെട്ടുള്ള പൊലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി. അതേസമയം, ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ് പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കും പൊലീസ് വ്യക്തമാക്കി. കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികൾ. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും.
നാലു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവർക്കായുള്ള അന്വേഷണം നടക്കുകയാണ്.കേസിൽ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തിൽ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിൻ, സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തി എന്നുമാണ് റിപ്പോർട്ട്. അതേസമയം, ബിസിനസ് എതിരാളികൾ നൽകിയ കൊട്ടേഷൻ ആണ് ക്രിമിനൽ സംഘം നടപ്പാക്കിയതെന്ന് ആണ് സ്പാ ഉടമയുടെ ആരോപണം.















































