ടെൽ അവീവ്∙ ഗാസയിൽ ഹമാസിനെ നശിപ്പിക്കുന്നതു തുടരുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഹമാസിൻറെ ടണലുകൾ തകർക്കും. ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞ വരയ്ക്ക് ഉള്ളിൽ തങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള ഭാഗത്ത് ആക്രമണം തുടരുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
‘‘ഗാസയിലെ ഇസ്രയേലിൻറെ നയം വ്യക്തമാണ്. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടൊപ്പം, ഹമാസിനെ നിരായുധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഗാസയെ സൈനിക വിമുക്തമാക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണ്. ഞങ്ങളുടെ നിയന്ത്രണത്തിലുള്ള മഞ്ഞ മേഖലയിൽ തുരങ്കങ്ങൾ നശിപ്പിക്കാനും ഹമാസിനെ ഇല്ലാതാക്കാനും ഐഡിഎഫ് യാതൊരു പരിമിതികളുമില്ലാതെയാണ് പ്രവർത്തിക്കുന്നത്’’ – ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
അതേസമയം വെടിനിർത്തൽ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായി, ഹമാസ് അംഗങ്ങൾക്ക് സുരക്ഷിതമായ കടന്നുപോകൽ അനുവദിക്കാൻ യുഎസ് ഇസ്രയേലിനു മേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രയേൽ അവരെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു. അതിനിടെയാണ് പ്രതിരോധ മന്ത്രിയും സമാന രീതിയിൽ പ്രസ്താവന നടത്തിയത്.















































