ജെറുസലേം: ഗാസയിൽ നടത്തിയ ആക്രമണത്തിൽ കത്തോലിക്കാ പളളി തകർന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ നൂറുകണക്കിന് സാധാരണക്കാർക്ക് അഭയം നൽകിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളിക്കുനേരെ വ്യാഴാഴ്ച്ചയാണ് ഇസ്രയേൽ ടാങ്ക് ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരു പുരോഹിതനുൾപ്പെടെ പത്തുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം.
പള്ളി തകർക്കപ്പെട്ട സംഭവത്തിൽ തനിക്കു അഗാധമായ ദുഃഖമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പളളിയിൽ ടാങ്കിൽ നിന്നുളള ഷെല്ലുകൾ അബദ്ധത്തിൽ പതിച്ചതാണെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് ദുരന്തമാണെന്നും അദേഹം പറഞ്ഞു. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം ഇസ്രയേൽ സൈന്യം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഒരു ഷെല്ലിൽ നിന്നുളള ഭാഗങ്ങൾ അബദ്ധത്തിൽ പളളിയിൽ പതിക്കുകയായിരുന്നുവെന്നും നാശനഷ്ടങ്ങൾ ലഘൂകരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം. അതേസമയം കഴിഞ്ഞ ദിവസം ഭക്ഷണം തേടിയെത്തിയ അഭയാർഥി ക്യാമ്പിനുനേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതും അബദ്ധത്തിൽ സംഭവിച്ചതെന്നായിരുന്നു അന്നും ഇസ്രയേൽ നൽകിയ വിശദീകരണം.
ഇതിനിടെ ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ആക്രമണത്തെ ശക്തമായി അപലപിച്ചു. ‘ഹോളി ഫാമിലി കോമ്പൗണ്ടിൽ അഭയം തേടിയെത്തിയ സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്. യുദ്ധം മൂലം വീടും സ്വത്തും കുടുംബാംഗങ്ങളെയെല്ലാം ഇതിനോടകം നഷ്ടമായവർ, അവരുടെ ജീവൻ രക്ഷിക്കാനായി അഭയം തേടിയ പളളിയാണ് ഇസ്രയേൽ ആക്രമിച്ചത്’ പാത്രിയാർക്കേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അവർ അബദ്ധത്തിൽ പറ്റിയതാണെന്ന് പറയുന്നുണ്ടെങ്കിലും തങ്ങൾക്ക് അക്കാര്യത്തിൽ ഉറപ്പില്ല എന്ന് ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് ആക്രമണം നടന്നത്. ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു.
അതേസമയം, പളളി ആക്രമണ വാർത്ത പുറത്തുവന്നതിനുപിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ‘ കത്തോലിക്കാ പളളിയിൽ ആക്രമണം നടത്തിയത് ഇസ്രയേലിന്റെ തെറ്റായിരുന്നു. അക്കാര്യം ട്രംപിനെ നെതന്യാഹു അറിയിച്ചു’ ലീവിറ്റ് പറഞ്ഞു. കൂടാതെ ആക്രമണത്തെ അപലപിച്ച് വത്തിക്കാനും രംഗത്തെത്തി.