ടെഹ്‌റാൻ: ഇറാനിലെ എണ്ണ സംഭരണശാലകൾക്ക് നേരേ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ടെഹ്‌റാനിലെയും കറാജിലെയും എണ്ണ സംഭരണശാലകൾക്ക് നേരേയാണ് ശനിയാഴ്ച രാത്രി വൈകി ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് എണ്ണ സംഭരണശാലകളിൽ വൻ തീപ്പിടിത്തമാണുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നേരത്തെ ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിന് നേരേയും വ്യോമാക്രമണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് ടെഹ്‌റാനിലെ വിവിധ എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ എണ്ണ സംഭരണശാലകളിൽനിന്ന് വൻ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. കിലോമീറ്ററുകൾക്കപ്പുറമുള്ള വീടുകളെ പോലും സ്‌ഫോടനം ബാധിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
ടെഹ്‌റാനിൽ ആക്രമണമുണ്ടായ എണ്ണ സംഭരണശാലയ്ക്ക് സമീപമാണ് രാജ്യത്തെ പ്രധാന എണ്ണശുദ്ധീകരണശാലയും സ്ഥിതിചെയ്യുന്നത്. അതേസമയം, എണ്ണ ശുദ്ധീകരണശാലയ്ക്ക് ആക്രമണത്തിൽ കേടുപാടുണ്ടായോ എന്നത് വ്യക്തമല്ല. ടെഹ്‌റാനിലെയും അൽബോർസിലെയും നിരവധി എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇറാൻ എണ്ണ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

















































