ടെഹ്റാൻ: തെക്കൻ ലെബനനിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ലെബനീസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. യുദ്ധം റിപ്പോർട്ടുചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഇസ്രയേൽ വധിക്കുകയായിരുന്നു. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിസ്ബുല്ല അംഗമാണെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ഹിസ്ബുല്ലയുടെ അൽ മനാർ ചാനലിലെ അലി ഷുഐബ്, അൽ മായദീൻ ചാനലിലെ ഫാത്തിമ ഫതൂനി, അവരുടെ സഹോദരനും ക്യാമറാമാനുമായ ഒരാൾ എന്നിവരാണ് ജെസീനിൽ കൊല്ലപ്പെട്ടത്. അതേസമയം പതിറ്റാണ്ടുകളായി യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന അൽ മനാറിലെ പ്രമുഖനായ ലേഖകനായിരുന്നു ഷുഐബ്. എന്നാൽ ഷുഐബ് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഭീകരനാണെന്നും മാധ്യമപ്രവർത്തകന്റെ വേഷത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നുവെന്നുമാണ് ഇസ്രയേലിന്റെ വാദം.
അതേസമയം കൊലപാതകങ്ങളെ ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ ശക്തമായി അപലപിച്ചു. മാധ്യമപ്രവർത്തകർക്ക് യുദ്ധകാലത്ത് ലഭിക്കേണ്ട രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് പ്രധാനമന്ത്രി നവാഫ് സലാമും പ്രതികരിച്ചു. 2023 മുതൽ ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷത്തിനിടെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. റോയിട്ടേഴ്സ് ലേഖകൻ ഇസാം അബ്ദുല്ല ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ ഇസ്രയേൽ ടാങ്കുകളിൽ നിന്നുള്ള ഷെല്ലുകളാണ് കാരണമായതെന്ന് സ്വതന്ത്ര അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.
ഇതിനിടെ നബാത്തിയ ഉൾപ്പെടെയുള്ള തെക്കൻ നഗരങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണം തുടരുകയാണ്. അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ ഉള്ളിലുള്ള ലിതാനി നദി വരെ ഒരു ബഫർ സോൺ സ്ഥാപിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്.

















































