മണ്ണാർക്കാട്: പ്രൈമറി ഹെൽത്ത് സെൻററിൽ നിന്നു നൽകിയ പാരസെറ്റമോളിൽ കമ്പി കഷ്‌ണം കണ്ടെത്തിയതായി പരാതി. മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെൻററിൽ നിന്നു നൽകിയ പാരസെറ്റമോൾ ഗുളികയിലാണ് കമ്പിക്കഷ്ണം കണ്ടത്. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെൻററിൽ പോയത്. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു ആശുപത്രിയിൽനിന്നു കിട്ടിയ നിർദ്ദേശം.
വീട്ടിൽ വന്ന് മരുന്നു പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോളിൽ കമ്പിക്കഷ്ണം കണ്ടതെന്ന് ആസിഫ് പറഞ്ഞു.ആണി പോലുള്ള കമ്പിക്കഷ്ണമാണ് മരുന്നിൽ നിന്ന് കണ്ടെത്തിയത്.
സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതികരിച്ചു.

















































