ടെഹ്‌റാൻ: ഇറാന്റെ ശത്രുക്കളെ സഹായിക്കുന്ന അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി ഇറാന്റെ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്‌സെനി ഇജേയ്. ഇറാന്റെ ഇടക്കാല നേതൃകൗൺസിൽ അംഗം കൂടിയാണ് ഇദ്ദേഹം.
ഇറാന്റെ സായുധ സേനയിൽനിന്നുള്ള തെളിവുകൾ വ്യക്തമാക്കുന്നത്, ഈ മേഖലയിലെ ചില രാജ്യങ്ങളുടെ ഭൂമിശാസ്ത്രം ശത്രുക്കൾക്ക് ഒളിഞ്ഞും തെളിഞ്ഞും ലഭ്യമാണെന്നാണെന്ന് ഇജേയ് പറഞ്ഞു. ഇത്തരം ലക്ഷ്യങ്ങളെ ഉന്നമിട്ടുള്ള കനത്ത ആക്രമണം തുടരുമെന്നും ഇജേയ് കൂട്ടിച്ചേർത്തു.
അതേസമയം, ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കു നേരെ ഇനി ആക്രമണം ഉണ്ടാകാത്തപക്ഷം ആ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ശനിയാഴ്ച പറഞ്ഞിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് നേർക്ക് നടത്തിയ ആക്രമണങ്ങളിൽ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇജേയിയുടെ പ്രസ്താവന.















































