മുംബൈ: ഇറാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തെ നേരിടാൻ പൂർണമായും സജ്ജമാണെന്നും, സുപ്രീം ലീഡർ ആയത്തുല്ല അലി ഹൊസൈനി ഖമെനെയി ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ ഇറാൻ കോൺസൽ ജനറൽ സഈദ് റെസാ മൊസയ്യബ് മൊത്ലാഘ്. ഖമെനെയി ആവശ്യമായ എല്ലാ യോഗങ്ങളും ഉദ്യോഗസ്ഥരുമായി തുടരുന്നുണ്ടെന്നും വീഡിയോ കോൺഫറൻസിങ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് സ്വാഭാവികമാണെന്നും, ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന വാദങ്ങൾ വ്യാജമാണെന്നും കോൺസൽ ജനറൽ കൂട്ടിച്ചേർത്തു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഇറാനിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടലാണ് ഇറാനിലെ അക്രമങ്ങൾക്ക് പിന്നിലെന്നും ആരോപിച്ചു. ജനുവരി 8, 9 തീയതികളോടെ പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറി, തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ അട്ടിമറികളും നാശനഷ്ടങ്ങളും ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
ഈ സംഭവങ്ങളിൽ ആകെ 3,117 പേർ കൊല്ലപ്പെട്ടുവെന്നും, ഇതിൽ 2,427 പേർ സാധാരണ പൗരന്മാരും സുരക്ഷാ സേനാംഗങ്ങളുമാണെന്നും, 690 പേർ ഭീകരരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഇറാൻ അതിനെ നേരിടാൻ പൂർണമായി തയ്യാറാണെന്ന് മൊത്ലാഘ് വ്യക്തമാക്കി. “ഇസ്രയേലുമായി നടന്ന 12 ദിവസത്തെ യുദ്ധവും ഭീകരാക്രമണങ്ങളെ പ്രതിരോധിച്ച രീതിയും ഇറാന്റെ ശേഷിയുടെ തെളിവാണ്. ആക്രമണം ഉണ്ടായാൽ പൂർണ ശക്തിയോടെ തിരിച്ചടിക്കും,” അദ്ദേഹം പറഞ്ഞു.
അതുപോലെ വർഷങ്ങളായി ഇറാൻ വിദേശ ഉപരോധങ്ങൾ നേരിടുന്നുണ്ടെങ്കിലും അതിനെ അതിജീവിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും, ഇന്ത്യയുമായുള്ള സഹകരണം തുടരാൻ ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്നും കോൺസൽ ജനറൽ പറഞ്ഞു. ഉപരോധങ്ങൾ സാമ്പത്തിക ബന്ധങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും, പരിഹാര മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കാർ സുരക്ഷിതർ
ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്നും, പ്രതിഷേധങ്ങളിൽ ഒരു വിദേശ പൗരനും പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും മൊത്ലാഘ് പറഞ്ഞു. “ഇറാനിൽ നിന്ന് മടങ്ങിയെത്തുന്ന ഇന്ത്യൻ പൗരന്മാരുടെ ചില അഭിമുഖങ്ങളും ഞാൻ കണ്ടു, അവരിൽ ചിലർ അവിടെ ഒരു അസ്വസ്ഥതയും ഉണ്ടെന്ന് പോലും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പറഞ്ഞത് എനിക്ക് രസകരമായി തോന്നി. വ്യക്തമായും, അവർ ചില വിദൂര സ്ഥലങ്ങളിലാണ് താമസിക്കുന്നത്, അവിടെ അസ്വസ്ഥതകളൊന്നുമില്ലായിരുന്നു. നിലവിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എല്ലാ കുടുംബാംഗങ്ങളും സുരക്ഷിതരും സുരക്ഷിതരുമാണെന്ന് ഞാൻ ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇന്റർനെറ്റ് നിയന്ത്രണം താൽക്കാലികം
പ്രതിഷേധങ്ങൾക്കിടെ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, വിദേശ ശക്തികൾ ഇന്റർനെറ്റ് വഴി അക്രമം പ്രോത്സാഹിപ്പിച്ചതിനാലാണ് ഈ നടപടി ആവശ്യമായതെന്ന് പറഞ്ഞു. നിലവിൽ സ്ഥിതി മെച്ചപ്പെടുകയാണെന്നും, അടുത്ത ദിവസങ്ങളിൽ പൂർണമായും ഇന്റർനെറ്റ് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















































