ടെഹ്‌റാൻ: ഇറാന്റെ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫ് അമേരിക്കയ്‌ക്കെതിരേ കടുത്ത വിമർശനവുമായി രംഗത്ത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോഴും, മറുവശത്ത് രഹസ്യമായി കരയുദ്ധത്തിനായുള്ള തയ്യാറെടുപ്പുകൾ അമേരിക്ക നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇറാനെതിരേ അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണു സ്പീക്കറുടെ പ്രതികരണം. ചർച്ചകൾക്ക് സന്ദേശം അയക്കുന്ന അമേരിക്ക, ഒരേസമയം കരയുദ്ധം ആസൂത്രണം ചെയ്യുകയാണ്.. കരയുദ്ധത്തിനായി എത്തുന്ന അമേരിക്കൻ സൈന്യത്തെ നേരിടാൻ ഇറാന്റെ സേന സജ്ജമാണെന്നും ഘലിബാഫ് മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ സൈനിക നടപടികൾക്ക് പിന്തുണ നൽകുന്ന മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികൾക്കും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനിൽ ആഴ്ചകളോളം നീളുന്ന കരയുദ്ധത്തിനായി പെന്റഗൺ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
















































