കൊച്ചി: സിനിമാ മേഖലയിൽ ലഹരി വ്യാപകമാണെന്ന നടൻ ഷൈൻ ടോം ചാക്കോയുടെ വാദം ശരിവച്ച സംവിധായകരുടെ അറസ്റ്റ്. ഇന്നു പുലർച്ചെ കൊച്ചിയിലെ ഫ്ലാറ്റിൽനിന്നാണ് ഇവർ എക്സൈസ് പിടിയിലാകുന്നത്. നടന്മാർ മാത്രമല്ല, സിനിമയിലെ ടെക്നീഷ്യന്മാരും ലഹരിക്ക് അടിമകളാണെന്ന വാദം ശരിവയ്ക്കുക കൂടിയാണ് ഈ അറസ്റ്റ്.
സ്വന്തം സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് സംവിധായകൻ ഖാലിദ് റഹ്മാൻ ലഹരി കേസിൽ അറസ്റ്റിലായത്. യുവതാരങ്ങളെ അണിനിരത്തി ഖാലിദ് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഖാലിദ് സംവിധാനം ചെയ്ത തല്ലുമാലയും യുവാക്കൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിവയാണ് ഖാലിദ് സംവിധാനം ചെയ്ത മറ്റു സിനിമകൾ. വൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിൽ ഖാലിദ് അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകൾ സംവിധാനം ചെയ്ത് ചിരിയിലൂടെ കാര്യം അവതരിപ്പിച്ച സംവിധായകനാണ് അഷ്റഫ് ഹംസ. ഈ സിനിമകളെല്ലാം ബോക് ഓഫിസിനപ്പുറം കേരളീയ പൊതുസമൂഹം ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളായിരുന്നു. അതിനിടെയുള്ള യുവ സംവിധായകരുടെ അറസ്റ്റ് മലയാള സിനിമ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ ഇരിപ്പിടം ഉറപ്പിച്ച ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്.
ഷൈൻ ടോം ചാക്കോ വിഷയത്തിലടക്കം വിമർശനത്തിന് വിധേയരായ സിനിമാസംഘടനകളുടെ തുടർനടപടികളും വിഷയത്തിൽ പ്രസക്തമാണ്. സിനിമാ ചര്‍ച്ചയ്ക്കാണ് യുവ സംവിധായകർ ഫ്ലാറ്റിലെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എറണാകുളത്തെ ഗോശ്രീപാലത്തിനു സമീപത്താണ് ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ലാറ്റ്. ലഹരി ഉപയോഗിക്കാന്‍ തുടങ്ങുന്നതിനിടെ എക്സൈസ് സ്ഥലത്തെത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് സംഘം സ്ഥലത്തെത്തിയത്.